'സ്വകാര്യ ബസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം; അല്ലെങ്കില്‍ പകുതിവിലയ്ക്ക് ഡീസല്‍ നല്‍കണം': പ്രൈവറ്റ് ബസ് ഉടമകള്‍
തൃശ്ശൂർ: കെഎസ്‌ആർടിസിയില്‍ പ്രിയദർശിനി പദ്ധതി (സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര) നടപ്പാക്കിയതിന് പിന്നാലെ കനത്ത നഷ്ടം നേരിടുന്നതായി സ്വകാര്യ ബസ് ഉടമകള്‍.
ഈ സാഹചര്യത്തില്‍ സ്വകാര്യ ബസ് സർവീസുകള്‍ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ രംഗത്തെത്തി. ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 19-ന് ശേഷം മുഖ്യമന്ത്രിയെ കാണുമെന്നും, അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ബസ് ഉടമകള്‍ സർക്കാരിന് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യങ്ങള്‍ താഴെ പറയുന്നവയാണ്:
സർക്കാർ സർവീസ് ഏറ്റെടുക്കുക: സ്വകാര്യ ബസുകളുടെ പ്രതിദിന കളക്ഷൻ സർക്കാരിന് നല്‍കാം. പകരം, ഒരു കിലോമീറ്ററിന് 55 രൂപ നിരക്കില്‍ (പ്രതിദിന കിലോമീറ്റർ അടിസ്ഥാനത്തില്‍) സർക്കാർ ബസ് ഉടമകള്‍ക്ക് തുക നല്‍കി സർവീസ് നടത്തണം. ഒരു കിലോമീറ്റർ ഓടിക്കാൻ നിലവില്‍ 50.65 രൂപ ചെലവുണ്ടെന്നും ഉടമകള്‍ വ്യക്തമാക്കുന്നു.
സൗജന്യ യാത്രയ്ക്ക് സബ്‌സിഡി: കെഎസ്‌ആർടിസിയിലേതുപോലെ സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്രയ്ക്കായി 'സീറോ ടിക്കറ്റ്' സംവിധാനം സർക്കാർ നടപ്പാക്കണം. ഈ തുക സർക്കാർ സബ്‌സിഡിയായി ബസ് ഉടമകള്‍ക്ക് നല്‍കണം.
ഇന്ധന-നികുതി ഇളവുകള്‍: മുകളിലെ രണ്ട് ഉപാധികളും അംഗീകരിക്കാൻ കഴിയില്ലെങ്കില്‍, സ്വകാര്യ ബസുകള്‍ക്ക് പകുതി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കുകയും റോഡ് നികുതി പൂർണ്ണമായി ഒഴിവാക്കി നല്‍കുകയും വേണം.
Post a Comment