കേരളത്തില്‍ മാത്രം; ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം: കായികമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്.
വിഷയത്തില്‍ സീ എന്റര്‍ടൈന്മെന്റ്, സീ 5, ഈഗിള്‍സ് ക്ലബ് എന്നിവര്‍ അനുകൂല നിലപാട് സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
കേരളത്തില്‍ മാത്രമാണ് ഇതിന് അനുമതിയുള്ളത്. സംസ്ഥാനത്തെ പ്രാദേശിക ക്ലബുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, പബ്ലിക് ലൈബ്രറികള്‍, യൂണിവേഴ്‌സിറ്റി കോളേജുകള്‍, സ്‌കൂളുകള്‍, സാമൂഹിക കൂട്ടായ്മകള്‍ എന്നിവിടങ്ങളില്‍ വാണിജ്യ താത്പര്യമില്ലാതെ ലോകകപ്പ് മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കാം.
എന്നാല്‍ ടിക്കറ്റ് വെച്ച് പ്രദര്‍ശനം നടത്തുന്നവര്‍ക്ക് പരിമിതിയുണ്ട്. പ്രവേശന ഫീസ് ഈടാക്കി പ്രദര്‍ശനം നടത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രങ്ങളുണ്ടാകും. മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈഗിള്‍ ക്ലബ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോകകപ്പ് പ്രദര്‍ശനം സംബന്ധിച്ച് വലിയ ആശങ്കയാണ് ഫുട്‌ബോള്‍ ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രകടിപ്പിച്ചിരുന്നത്. കായികവകുപ്പിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടാകുന്നില്ലെന്ന വിമര്‍ശനവും നേരിട്ടു. എന്നാല്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഈ വിഷയത്തില്‍ ആശങ്ക ഉയര്‍ത്തിയതുമുതല്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഏജന്‍സികളുമായി സംസാരിക്കാന്‍ പ്രത്യേക സെക്രട്ടറിയെ നിയോഗിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ നിരാശരാകേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശനും ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. പി.എ മുഹമ്മദ് റിയാസ് എംഎല്‍എ സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സഭാനടപടികള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ ഒരു വ്യക്തത ലഭിച്ചതെന്നും മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു.
إرسال تعليق