Join News @ Iritty Whats App Group

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; വിവാദങ്ങൾക്കിടെ വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായി രാജി വച്ചു

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; വിവാദങ്ങൾക്കിടെ വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായി രാജി വച്ചു


ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ ആരോപണവിധേയനായ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായി രാജി വച്ചു. രാമക്ഷേത്ര ട്രസ്റ്റംഗം അനിൽ മിശ്രയും രാജി നൽകി. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചമ്പത് റായിയുടെ രാജി. വിവാ​ദത്തിന് പിന്നാലെ, അയോധ്യ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകിയിരുന്നു.

അതേസമയം, ചമ്പത് റായിക്കെതിരെ കേസെടുക്കാത്തതില്‍ വിമര്‍ശനം ശക്തമാവുകയാണ്. വിശ്വസ്തർ അറസ്റ്റിലായിട്ടും ചമ്പത് റായിയെ തൊടാത്തത് ഉന്നത രാഷ്ട്രീയ ഇടപെടലാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. സത്യം പുറത്ത് വരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. അയോധ്യ സംഭാവന തട്ടിപ്പില്‍ ചമ്പത് റായിയുടെ വിശ്വസ്തന്‍ ടിനു യാദവ് അടക്കം എട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്.

ചമ്പത് റായിയുടെ ഡ്രൈവറായ ടിനു യാദവിനായിരുന്നു കാണിക്ക പെട്ടികളുടെയും, പണം എണ്ണുന്ന മുറിയുടെയും ചുമതല നല്‍കിയിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും കണ്ടെടുത്തിരുന്നു. ചമ്പത് റായിയിലേക്ക് നേരിട്ടുള്ള കണ്ണിയായിട്ടും റായിയുടെ പങ്ക് എന്തെന്നത് കേന്ദ്രീകരിച്ച് ടിനുവിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് വിവരം. ക്ഷേത്രത്തിലേക്ക് കോടികള്‍ ആഭരണമായും, പണമായും ചമ്പത് റായി മുഖേനെയാണ് സംഭാവന നല്‍കിയതെന്ന് വ്യവസായികളും മൊഴി നല്‍കിയിരുന്നു. വിഎച്ച്പിയില്‍ ഒരു വിഭാഗത്തിന് ചമ്പത് റായിയോട് കടുത്ത അമര്‍ഷമുണ്ട്. കര്‍സേവകരുടെ സംഘടനയായ ധര്‍മ്മസേന ചമ്പത് റായിക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു. ഏതന്വേഷണത്തോടും ചമ്പത് റായി സഹകരിക്കുമെന്നും, കേസെടുത്ത് അന്വേഷിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് അദ്ദേഹമായിരുന്നെന്നും വിഎച്ച് പി നേതാവ് അലോക് കുമാര്‍ പ്രതികരിച്ചു.

സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാകുമ്പോൾ ഇതുവരെ മൗനം തുടര്‍ന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. എസ്ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ട് വന്നയുടന്‍ നടപടി തുടങ്ങിയെന്നും അപവാദ പ്രചാരണമരുതെന്നും യോഗി പ്രതികരിച്ചു. അതേ സമയം കാണിക്ക എണ്ണിയവര്‍ സ്ഥിരമായി പണം കടത്തിയുരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് എസ്ഐടി സൂചിപ്പിച്ചു. ശിവസേന നേതാവ് ഉദ്ധവ് താക്കറെ നല്‍കിയ നാല് കിലോ വെള്ളിക്കട്ടിയും മുക്കിയെന്നും ഇതുവരെ രസീത് നല്‍കിയിട്ടില്ലെന്നും മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് വെളിപ്പെടുത്തി.

Post a Comment

أحدث أقدم
Join Our Whats App Group