രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച, മഹാരാഷ്ട്രയിൽ 'ടെറ്റ്' ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
മുംബൈ: രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച. മഹാരാഷ്ട്രയിൽ നാളെ നടത്താനിരുന്ന അധ്യാപക യോഗ്യതാ പരീക്ഷയുടെ (ടെറ്റ്) ചോദ്യപേപ്പർ ചോർന്നു. താനെയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് താനയിൽ നിന്ന് ചോദ്യപേപ്പർ കണ്ടെടുത്തത്. ചോദ്യപേപ്പർ ചോർന്ന വിവരം പുറത്തുവന്നതിന് പിന്നാലെ പരീക്ഷ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ എങ്ങനെയാണ് ചോർന്നതെന്നും സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കി.
രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
മഹാരാഷ്ട്രയിലെ ടെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്ത് മറ്റൊരു ചോദ്യപേപ്പർ കൂടി ചോർന്നിരിക്കുകയാണെന്നും വീണ്ടുമൊരു പരീക്ഷ കൂടി റദ്ദാക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ വിദ്യാഭ്യാസവും പരീക്ഷാ സമ്പ്രദായവും കൊള്ളയടിക്കാനുള്ള ഒരു സംവിധാനമാക്കി മാറ്റിയിരിക്കുകയാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, ഇത് വെറുമൊരു ചോദ്യപേപ്പർ ചോർച്ചയല്ലെന്നും രാജ്യത്തെ യുവാക്കളുടെ ഭാവി കവർന്നെടുക്കലാണെന്നും കൂട്ടിച്ചേർത്തു
إرسال تعليق