മുഖംമൂടിയുമായി ബിജെപിയും ആർഎസ്എസും ഇറങ്ങിയിരിക്കുന്നു, അണ്ണാമലൈയുടെ രാജി 'പ്ലാൻ ബി' എന്ന് കോൺഗ്രസ്; തമിഴ് ജനതയെ കബളിപ്പിക്കാൻ നീക്കമെന്ന് വിമർശനം
ചെന്നൈ: ബി ജെ പി മുൻ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. അണ്ണാമലൈയുടെ രാജി തമിഴ്‌നാട്ടിലെ ജനങ്ങളെ കബളിപ്പിക്കാനുള്ള ബി ജെ പി യുടെ 'പ്ലാൻ ബി' തന്ത്രത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ എം പി ആരോപിച്ചു. ദ്രാവിഡ മണ്ണിൽ സ്വാധീനമുറപ്പിക്കാൻ പുതിയ മുഖംമൂടിയണിഞ്ഞ് ബി ജെ പിയും ആർ എസ് എസും പുതിയ നീക്കങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പി ദേശീയ നേതൃത്വം അണ്ണാമലൈയുടെ രാജി ഔദ്യോഗികമായി സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ്, അദ്ദേഹം പുതിയ പ്രാദേശിക പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുകയാണെന്ന സൂചനകൾക്കിടയിൽ കോൺഗ്രസ് കടുത്ത രാഷ്ട്രീയ ആക്രമണം അഴിച്ചുവിട്ടത്.
ഇന്ന് ഉച്ചയ്ക്കാണ് അണ്ണാമലൈ ബി ജെ പിയിൽ നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അണ്ണാമലൈ രാജിവച്ചത്. അണ്ണാമലൈയുടെ രാജി അംഗീകരിച്ചെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അറിയിച്ചു. അണ്ണാമലൈ നേരത്തെ പാർട്ടി വിടുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇന്നത്തെ പ്രഖ്യാപനത്തോടെ ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് പരിസമാപ്തിയാവുകയായിരുന്നു. മുൻ ഐ പി എസ് ഓഫീസർ കൂടിയായ കെ അണ്ണാമലൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ബി എൽ സന്തോഷ് എന്നിവരുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും താൻ പാർട്ടി വിടാൻ ആലോചിക്കുന്നതിന്റെ കാരണങ്ങളും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു. തുടർന്ന് ഇന്ന് രാജി പ്രഖ്യാപിക്കുകയായിരുന്നു.
إرسال تعليق