ആറളത്ത് വനപാലകരുടെ വാഹനത്തിനുനേരേ കാട്ടാനക്കലി; അഞ്ചു ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ പൂക്കുണ്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന ആർആർ ടി വാഹനത്തിന് നേരേ കാട്ടാനയുടെ ആക്രമണം. അഞ്ച് ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ അഞ്ചോടെയായിരുന്നു ആക്രമണം. പുനരധിവാസ മേഖലയിലെ ഏറ്റവും അപകടകാരിയായ വലിയ മോഴയാനയാണ് ആക്രമണം നടത്തിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനന്തു, മറ്റ് ജീവനക്കാരായ ഭാസ്കരൻ, അഖിൽ, ജിബിൻ, ഡ്രൈവർ രാഗേഷ് എന്നിവരാണ് വാഹനത്തിലുയിരുന്നത്.
കുത്തിമറിച്ചിട്ട വാഹനം റോഡിലൂടെ ചവിട്ടി നിരക്കി കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഈ സമയം ജീവനക്കാർ അഞ്ചുപേരും വാഹനത്തിനുള്ളിൽ തന്നെയായിരുന്നു.അപ്രതീക്ഷിതമായി വാഹനത്തിനു നേരെ പാഞ്ഞടുത്ത ആന ആക്രമണം അഴിച്ചുവിടുകയായിരുന്നു. വാഹനം ചവിട്ടിനിരക്കിയശേഷം ആന പിന്മാറിയതും ജീവനക്കാർ പുറത്തിറങ്ങാതെ വാഹനത്തിനുള്ളിൽ തന്നെയിരുന്നതും വലിയ ദുരന്തം ഒഴിവാക്കി. ആന ഒരുതവണ കൂടി തിരിഞ്ഞുനിന്നശേഷം വളരെ വേഗത്തിൽ റോഡിൽനിന്ന് പിന്മാറുകയായിരുന്നു.
തോക്ക്, വാക്കിടോക്കി, ഡ്രോൺ ഉൾപ്പെടെയുള്ള ആയുധങ്ങളും ഉപകരണങ്ങളും വാഹനത്തിലുണ്ടായിരുന്നു. ഇവയ്ക്കൊന്നും കേടുപാട് സംഭവിച്ചില്ല . വാഹനത്തിന്റെ മൂന്ന് വാതിലുകൾ ഉൾപ്പെടെയുള്ളവയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . സമീപകാലത്തെ ആക്രമണ പരമ്പരകൾ പരിശോധിച്ചാൽ നാലിലേറെ മരണങ്ങൾക്ക് കാരണം വലിയ മോഴയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഏറ്റവും ഒടുവിൽ കൊല്ലപ്പെട്ട അനീഷിന്റെ മരണത്തിനുശേഷവും വലിയ മോഴ വീടിന് സമീപമെത്തി ആക്രമണം നടത്തിയിരുന്നു. അപകടകാരിയായതിനാൽ പിടികൂടി ഇവിടെനിന്ന് മാറ്റണമെന്ന പൊതുതാത്പര്യ ഹർജിയെ തുടർന്ന് ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് വലിയ മോഴ. പ്രതികൂല സാഹചര്യത്തിലും രാത്രിയും പകലും വ്യത്യാസമില്ലാതെ ഓടിയെത്തുന്ന ആർആർടി ടീമാണ് ഏക ആശ്രയമെന്നും ഇപ്പോൾ ആർആർടിയെയും ആക്രമിച്ചതോടെ വലിയ മോഴയെ എത്രയും വേഗം പിടികൂടി സ്ഥലത്തുനിന്ന് മാറ്റണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം
إرسال تعليق