Join News @ Iritty Whats App Group

വാക്കുപാലിച്ച്‌ വിജയ്, സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ്ണമോതിരം; 'തായ് മാമൻ' പദ്ധതിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി

വാക്കുപാലിച്ച്‌ വിജയ്, സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ്ണമോതിരം; 'തായ് മാമൻ' പദ്ധതിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി


ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഒരു ഗ്രാം സ്വർണ്ണമോതിരം സമ്മാനമായി നല്‍കുന്ന 'തായ് മാമൻ ഗോള്‍ഡ് റിങ് സ്‌കീം' പ്രഖ്യാപിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്.

ഈ പുതിയ ജനക്ഷേമ പദ്ധതിക്കായി സംസ്ഥാന സർക്കാർ പ്രതിവർഷം 755.83 കോടി രൂപ അനുവദിക്കും. പദ്ധതി എത്രയും വേഗം നടപ്പിലാക്കുന്നതിനായി ടെൻഡർ നടപടികള്‍ അടിയന്തരമായി ആരംഭിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി വിജയ്‍യുടെ ജന്മദിനമായ 2026 ജൂണ്‍ 22 മുതല്‍ സർക്കാർ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹരായിരിക്കും. പേരറിജ്ഞർ അണ്ണായുടെ ജന്മവാർഷിക ദിനമായ 2026 സെപ്റ്റംബർ 15-ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. നവജാത ശിശുവിന് അമ്മയുടെ സഹോദരൻ (അമ്മാവൻ) സമ്മാനങ്ങളും അനുഗ്രഹങ്ങളും നല്‍കുന്ന തമിഴ് സാംസ്കാരിക പാരമ്പര്യമായ 'തായ് മാമൻ സീർ' എന്ന ചടങ്ങില്‍ നിന്നാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് ഔദ്യോഗിക വാർത്താക്കുറിപ്പില്‍ സർക്കാർ വ്യക്തമാക്കി.

ഇവിടെ സർക്കാർ തന്നെ ഒരു അമ്മാവന്‍റെ പദവി ഏറ്റെടുത്ത്, ജനിക്കുന്ന ഓരോ കുഞ്ഞിനും സ്നേഹത്തിന്റെയും പരിചരണത്തിന്റെയും പ്രതീകമായി ഒരു ഗ്രാം സ്വർണ്ണമോതിരം സമ്മാനിക്കും. ഇത് തമിഴ് സംസ്കാരത്തെ സംരക്ഷിക്കുന്നതിനൊപ്പം കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയൊരു പിന്തുണയായി മാറുമെന്നും സർക്കാർ അറിയിച്ചു. തമിഴക വെട്രി കഴകത്തിന്‍റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഈ പദ്ധതി.

കൂടാതെ പാർട്ടിയുടെ 'വെട്രി തമിഴകം വിഷൻ ഡോക്യുമെന്റിലും' ഇത് പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയിരുന്നു. രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ജന്മദിനങ്ങളില്‍ സർക്കാർ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പാർട്ടി പ്രവർത്തകർ സ്വർണ്ണമോതിരം വിതരണം ചെയ്യുന്ന രീതി മുൻപും തമിഴ്‌നാട്ടില്‍ നിലവിലുണ്ടായിരുന്നെങ്കിലും, ഇത് സംസ്ഥാന സർക്കാരിന്‍റെ ഒരു ഔദ്യോഗിക ക്ഷേമപദ്ധതിയായി കോടിക്കണക്കിന് രൂപ വകയിരുത്തി നടപ്പിലാക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമായാണ്.

Post a Comment

أحدث أقدم
Join Our Whats App Group