Join News @ Iritty Whats App Group

തൂഫാനും നാര്‍ക്കോ ഹണ്ടിനും പിന്നാലെ പുതിയ നീക്കം, പൊലീസിനെ ജനകീയമാക്കാൻ ആഭ്യന്തരവകുപ്പ്, കംപ്ലയിന്റ് അതോറിറ്റി 'പവറാക്കും'

തൂഫാനും നാര്‍ക്കോ ഹണ്ടിനും പിന്നാലെ പുതിയ നീക്കം, പൊലീസിനെ ജനകീയമാക്കാൻ ആഭ്യന്തരവകുപ്പ്, കംപ്ലയിന്റ് അതോറിറ്റി 'പവറാക്കും'


തിരുവനന്തപുരം: തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍ക്ക് പുറമേ പൊലീസിനെ കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കാനൊരുങ്ങുകയാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആഭ്യന്തരവകുപ്പ്. യുഡിഎഫിന്റെ കാലത്ത് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ചെയര്‍മാനായിരുന്ന കാലത്ത് അതീവ സജീവമായിരുന്നതിന് സമാനമായി, ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കെതിരെയും പൊലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും കര്‍ശന ഇടപെടലുകള്‍ നടത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം

മുൻ യുഡിഎഫ് കാലത്തേതിന് സമാനമായി സ്റ്റേഷനുകളില്‍ കംപ്ലയിന്റ് അതോറിറ്റിയെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കുന്നത് കര്‍ക്കശമാക്കിയും, അപ്രതീക്ഷിത സ്റ്റേഷന്‍ സന്ദര്‍ശനങ്ങള്‍ നടത്തിയും. രാഷ്ട്രീയ സ്വാധീനത്തിന് അതീതമായി അതോറിറ്റിയുടെ ഇടപെടല്‍ സാധ്യമാക്കാനും വകുപ്പ് ലക്ഷ്യമിടുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പ്രതിപക്ഷത്തിരുന്ന കാലത്തെ ആരോപണങ്ങൾ പരാതികളായി ഉയരാതെ അതോറിറ്റിയുടെ നിലവിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ഘടനാപരമായ ചില മാറ്റങ്ങളും നിയമപരമായ ഇടപെടലുകളും നടത്താനൊരുങ്ങുകയാണ് സര്‍ക്കാരെന്നുമാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. അതോറിറ്റിക്ക് കീഴില്‍ ഒരു സ്വതന്ത്ര ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറെ അടിയന്തരമായി നിയമിക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് നേരത്തെ കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശവും നിലവിലുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍ പൊലീസുകാര്‍ തന്നെ അന്വേഷിക്കുന്നതിലെ സുതാര്യതക്കുറവ് പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് വകുപ്പ് കണക്കുകൂട്ടുന്നു.

ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എന്നിങ്ങനെ തിരിച്ച് റിട്ടയേര്‍ഡ് സെലക്ഷന്‍ ഗ്രേഡ് ജില്ലാ ജഡ്ജിമാരെ ചെയര്‍പേഴ്‌സണ്‍മാരായി നിയമിച്ച് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നിലവിൽ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഒരു 'അന്വേഷണ-ശുപാര്‍ശ' സമിതി എന്നതിനപ്പുറം കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നേരിട്ട് ശിക്ഷാനടപടികള്‍ സ്വീകരിക്കാനുള്ള ജുഡീഷ്യല്‍ അധികാരം അതോറിറ്റിക്ക് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ അതോറിറ്റിയുടെ കണ്ടെത്തലുകളില്‍ അന്തിമ നടപടി ഉണ്ടകുകയുള്ളു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യത്തെ പൊലീസ് കസ്റ്റഡി മരണങ്ങളുടെയും ജൂഡീഷ്യല്‍ കസ്റ്റഡി മരണങ്ങളുടെയും എന്‍സിആര്‍ബി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. രാജ്യത്തിന് 2014-2026 കാലഘട്ടത്തില്‍ 1300-1800 നും ഇടയില്‍ പൊലീസ് കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 20000-25000 നും ഇടയില്‍ ജൂഡിഷ്യല്‍ കസ്റ്റഡി മരണങ്ങള്‍ സംഭവിച്ചുവെന്നാണ് എന്‍.സി.ആര്‍.ബിയുടെയും എന്‍.എച്ച്.ആര്‍.സിയുടെയും റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group