ലേഡീസ് കോച്ചില്‍ കയറുന്ന പുരുഷന്മാര്‍ ജാഗ്രതൈ; ജൂലൈ 1 മുതല്‍ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ സ്ത്രീകള്‍ക്കായി മാറ്റിവെച്ചിട്ടുള്ള കോച്ചുകളില്‍ അനധികൃതമായി പ്രവേശിക്കുന്ന പുരുഷന്മാർക്ക് ഇനി പോക്കറ്റ് ചോരും.
നിയമലംഘകർക്ക് കടുത്ത പിഴ ചുമത്താൻ ഇന്ത്യൻ റെയില്‍വേ തീരുമാനിച്ചു. ഇത്തരക്കാരില്‍ നിന്ന് 2,500 രൂപ സ്പോട്ട് ഫൈൻ (തല്‍ക്ഷണ പിഴ) ഈടാക്കുന്ന പുതിയ നിയമം 2026 ജൂലൈ 1 മുതല്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരും.
വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രെയിനുകളിലെ പൂവാലശല്യവും അനധികൃത പ്രവേശനവും പൂർണ്ണമായി തടയുന്നതിനുമാണ് റെയില്‍വേ മന്ത്രാലയം കടുത്ത നടപടികളിലേക്ക് കടക്കുന്നത്.
പിഴ മാത്രമല്ല, ജയിലും യാത്രാവിലക്കും
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പ്രകാരം സാധുവായ അനുമതിയില്ലാതെ ലേഡീസ് കോച്ചുകളില്‍ കയറുന്ന പുരുഷന്മാരില്‍ നിന്ന് റെയില്‍വേ ഉദ്യോഗസ്ഥർക്ക് സംഭവസ്ഥലത്തു വെച്ചുതന്നെ 2,500 രൂപ പിഴ ഈടാക്കാം. എന്നാല്‍ ശിക്ഷ ഇതിലൊതുങ്ങില്ല.
പിഴ ഒടുക്കിയിട്ടും നിയമം ലംഘിക്കുന്നത് ആവർത്തിക്കുന്നവർക്കെതിരെ 1989-ലെ റെയില്‍വേ ആക്‌ട് പ്രകാരം കർശന നിയമനടപടികള്‍ സ്വീകരിക്കും. കുറ്റം ആവർത്തിക്കുന്നവരെ നിർദ്ദിഷ്ട കാലയളവിലേക്ക് ട്രെയിൻ യാത്രകളില്‍ നിന്ന് പൂർണ്ണമായി വിലക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
പിഴ അഞ്ചിരട്ടിയാക്കി വർദ്ധിപ്പിച്ചു
ജൻ വിശ്വാസ് ആക്‌ട്, 2026 പ്രകാരമാണ് റെയില്‍വേ ആക്ടിലെ സെക്ഷൻ 162 ന് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ ശക്തമാക്കിയത്. നിലവിലുണ്ടായിരുന്ന 500 രൂപ പിഴയാണ് ഒറ്റയടിക്ക് അഞ്ചിരട്ടിയാക്കി 2500 രൂപയായി ഉയർത്തിയത്.
രാത്രികാല യാത്രകളിലും തിരക്കേറിയ സമയങ്ങളിലും ലേഡീസ് കോച്ചുകളില്‍ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ടിക്കറ്റ് പരിശോധന വിഭാഗവും (ടിടിഇ) ഇനിമുതല്‍ കർശനമായ മിന്നല്‍ പരിശോധനകള്‍ നടത്തും. ദീർഘദൂര ട്രെയിനുകളിലെ വനിതാ കോച്ചുകള്‍ക്കായിരിക്കും റെയില്‍വേ പ്രത്യേക മുൻഗണന നല്‍കുക.
പുതിയ നിയമത്തെക്കുറിച്ച് യാത്രക്കാരെ ബോധവല്‍ക്കരിക്കുന്നതിനായി രാജ്യത്തെ പ്രമുഖ സ്റ്റേഷനുകളിലും ട്രെയിനുകള്‍ക്കുള്ളിലും പ്രത്യേക ഡിസ്പ്ലേകളും അനൗണ്‍സ്മെന്റുകളും നല്‍കാനും റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
Post a Comment