'കോക്റോച്ച് ജനത പാർട്ടി നേതാക്കള അറസ്റ്റ് ചെയ്താൽ നിരാഹാര സമരം നടത്തും'; മുന്നറിയിപ്പുമായി സോനം വാങ്ചുക്ക്
ദില്ലി: കോക്റോച്ച് ജനത പാർട്ടി നേതാക്കള അറസ്റ്റ് ചെയ്താൽ നിരാഹാര സമരം നടത്തുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക്. ദില്ലി ജന്തർമന്തറിൽ കോക്റോച്ച് പാർട്ടി നടത്തുന്ന പ്രതിഷേധത്തിന് മുന്നോടിയായാണ് സോനം വാങ്ചുക്കിൻ്റെ മുന്നറിയിപ്പ്. പ്രതിഷേധത്തിൻ്റെ ഭാഗമാകുമെന്നും സോനം വാങ്ചുക്ക് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ജൂൺ ആറിന് നിങ്ങളെയെല്ലാം കാണുന്നതിനായി താൻ ലഡാക്കിൽനിന്ന് ദില്ലിയിലേക്ക് വരും. നമ്മൾ ജന്തർ മന്തറിൽ വെച്ച് കാണും. എന്നാൽ ഏതെങ്കിലും കാരണവശാൽ അവർ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ, എനിക്ക് താൽപ്പര്യമില്ലാത്ത ഒരു നടപടി സ്വീകരിക്കാൻ ഞാൻ നിർബന്ധിതനാകും. താൻ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും, ഇത്തവണ അത് ആറാഴ്ച അഥവാ 42 ദിവസം നീണ്ടുനിൽക്കും. താൻ അതിന് തയ്യാറാണെന്നും നിങ്ങൾ എന്ത് ചെയ്യുമെന്നും സോനം വാങ്ചുക്ക് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
അതിനിടെ, ജന്തർമന്തറിൽ ഇന്ന് രാവിലെ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് നേതൃത്വം നൽകാനായി കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ദില്ലിയിൽ എത്തി. അമേരിക്കയിൽനിന്ന് ദില്ലി വിമാനത്താവളത്തിൽ എത്തിച്ചേർന്ന അഭിജിത്ത് ദീപ്കെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി വിമാനത്താവളത്തിന് പുറത്തിയ ദീപ്കെ ജന്തർമന്തറിലേക്ക് പുറപ്പെട്ടു. ഭരണഘടനാ ശിൽപി ബിആർ അംബേദ്കറുടെ ചിത്രം ഉയർത്തിക്കാട്ടിയാണ് അഭിജിത്ത് ദീപ്കെ പുറത്തിറങ്ങിയത്. അഭിജിത്തിനെ സ്വീകരിക്കാനായി നിരവധി പേർ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു.
പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് അഭിജിത്ത് ദീപ്കെ ആവർത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രക്ഷേഭത്തിൻ്റെ ഭാഗമാകാൻ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത അഭിജിത്ത് ദീപ്കെ, കുടിവെള്ളവും മൊബൈലും പൂക്കളും കൈയിൽ കരുതണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വടികളും കല്ലുകളുമായി പ്രതിഷേധത്തിലേക്ക് എത്തരുതെന്നും അഭിജിത്ത് ദീപ്കെ ചൂണ്ടിക്കാട്ടി. ആരെങ്കിലും ആയുധങ്ങളുമായി എത്തുന്നുണ്ടെങ്കിൽ ദൃശ്യങ്ങൾ പകർത്തി അടുത്ത പൊലീസിന് ഉദ്യോഗസ്ഥന് കൈമാറണമെന്നും അഭിജിത്ത് ദീപ്കെ ആവശ്യപ്പെട്ടിട്ടുണ്ട്.
إرسال تعليق