ചാലയില്‍ കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഫോറൻസിക് സംഘം പരിശോധന നടത്തി
കണ്ണൂർ: കണ്ണൂർ - കൂത്തുപറമ്പ് റോഡിലെ ചാല ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള റോഡരികില്‍ നിർത്തിയിട്ട കാറില്‍ വെല്‍ഡിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ ഫോറൻസിക് വിഭാഗവും വിരലടയാള സംഘവും ശാസ്ത്രീയ പരിശോധന നടത്തി.
തന്നട കുണ്ടത്തില്‍ സ്വദേശി കെ രജിൻ (35) ആണ് മരിച്ചത്. കാറിനകവും പുറത്തെ ഭാഗങ്ങളും പരിശോധിച്ച സംഘം എയർ കണ്ടീഷണർ സംവിധാനവും വിശദമായി പരിശോധിച്ചു.
മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍
ഞായറാഴ്ച രാത്രി 10.30-ഓടെയാണ് ചാല ഹൈസ്കൂളിന് സമീപം കാർ കണ്ടെത്തിയത്. രജിനെ ഫോണില്‍ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കാർ കണ്ടെത്തിയത്. കാർ അകത്തുനിന്ന് ലോക്കായ നിലയിലായിരുന്നതിനാല്‍ കണ്ണൂരില്‍ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം ചില്ല് തകർത്ത് വാതില്‍ തുറക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ചാലയിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, രജിൻ മണിക്കൂറുകള്‍ക്ക് മുൻപേ മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
അന്വേഷണം ഊർജിതം
സംഭവത്തില്‍ എടക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാല, തന്നട, കോയ്യോട് ഭാഗങ്ങളില്‍ വെല്‍ഡിങ് ജോലി ചെയ്തു വരികയായിരുന്നു രജിൻ. കുണ്ടത്തില്‍ രാജൻ - കാഞ്ചന ദമ്പതികളുടെ മകനാണ് രജിൻ. അഞ്ജു ആണ് സഹോദരി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.
കൂടുതല്‍ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും ഇൻസ്റ്റഗ്രാം പേജും ഫോളോ ചെയ്യുക.
Post a Comment