ഭർത്താവിന്‍റെ കൊടിയ പീഡനം പലരോടും പറഞ്ഞു, പക്ഷേ വിഷമം ആരും കേട്ടില്ല; ആരതിയുടെ അവസാന കുറിപ്പ്, മറ്റൊരു പെണ്‍കുട്ടിയുടെ മരണത്തിലും അന്വേഷണം
തിരുവനന്തപുരം: ആറ്റുകാലിൽ ആരതി (27) ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെതിരെ തെളിവുകൾ ലഭിച്ചെന്ന് പൊലീസ്. അതുൽ ആരതിയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടി വന്ന മർദനം പലരോടും പറഞ്ഞിരുന്നതായി ആരതിയുടെ അവസാന കുറിപ്പിലുണ്ട്. പക്ഷെ തന്‍റെ വിഷമം ആരും കേട്ടില്ലെന്നും നിരന്തരമായി പീഡനം അനുഭവിക്കേണ്ടി വന്നുവെന്നും കുറിപ്പിൽ പറയുന്നു. ആരതിക്ക് രക്ഷിതാക്കൾ നൽകിയ സ്വർണവും പണവും അതുൽ സ്വന്തം കാര്യത്തിന് ഉപയോഗിച്ചെന്നും പൊലീസ് പറഞ്ഞു. അതുലിന് നേരത്തെ മറ്റൊരു കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ആ കുട്ടിയും ജീവിച്ചിരിപ്പില്ലെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
10 മാസമായി നേരിടുന്ന ശാരീരിക പീഡനത്തെ കുറിച്ചാണ് ആരതിയുടെ കുറിപ്പ്. ഭർത്താവിൽ നിന്ന് ഒരു സ്നേഹവും ലഭിക്കാത്ത സാഹചര്യത്തിൽ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും കുറിപ്പിൽ പറയുന്നു. സാമ്പത്തിക ചൂഷണവും ശാരീരിക പീഡനവും അനുഭവിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും കുറിപ്പിൽ പറയുന്നുണ്ട്. മൃതദേഹത്തിൽ 17 മുറിവുകളുണ്ട്. മുറിവുകളുടെ ഫോട്ടോ മരണത്തിന് ഒരു ദിവസം മുൻപ് ആരതി അമ്മയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.
അതുൽ ആരതിയെ മർദ്ദിക്കുന്നത് അതുലിന്റെ വീട്ടുകാർക്കും അറിയാമായിരുന്നെന്ന് ആരതിയുടെ അമ്മ ജിനു പറഞ്ഞു. വീട്ടുകാരെ മർദ്ദന വിവരം അറിയിച്ചതാണ്. പക്ഷേ ഇടപെട്ടില്ല. കല്യാണം കഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങി. പ്രശ്നങ്ങൾ കാരണം ആരതി ഇതിനു മുൻപ് വീട്ടിൽ വന്നു നിന്നിട്ടുണ്ട്. പക്ഷേ അതുലിനോടുള്ള സ്നേഹം കാരണം ആരതി തിരികെ പോയതാണെന്ന് അമ്മ പറയുന്നു. സംഭവ ദിവസം ആരതിയോട് വീട്ടിൽ വരാൻ ആവശ്യപ്പെട്ടതാണ്. പക്ഷേ ആരതി വീട്ടിലേക്ക് വരാൻ കൂട്ടാക്കിയില്ല. അതുലിന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു. ആരതിയുടെ ബാക്കിയുള്ള സ്വർണം അതുൽ ആവശ്യപ്പെട്ടിരുന്നു. അതേ ചൊല്ലിയും ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മകളെ നഷ്ടമായി. മറ്റൊരു കുട്ടിയുടെ ഭാവി കൂടി ഇനി തകരാൻ പാടില്ല. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ആരതിയുടെ അമ്മ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
إرسال تعليق