‘കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം’; കെ ബി ഗണേഷ് കുമാർ
ഓർഡിനറി ബസ്സുകൾ സിറ്റി ഫാസ്റ്റ് ബസുകൾ ആക്കിയത് പരിശോധിക്കണമെന്ന് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യമാണെന്നും പദ്ധതി നടപ്പാക്കാൻ അവർ ബാധ്യസ്ഥരാണെന്നും ഗണേഷ് കുമാർ പറഞ്ഞു. അതേസമയം വിദ്യാർത്ഥികളുടെ കാര്യത്തിൽ ആൺ പെൺ വ്യത്യാസമില്ലാതെ സൗജന്യം നൽകണമെന്നും വിദ്യാർത്ഥികളായ ആൺകുട്ടികൾക്ക് കൂടി സൗജന്യ യാത്ര നൽകണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഓർഡിനറി ബസ്സുകൾ സിറ്റി ഫാസ്റ്റ് ബസുകൾ ആക്കി എന്ന ആക്ഷേപം ഉയരുന്നുവെന്നും അത് പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. കെഎസ്ആർടിസിയിൽ ബസുകൾ വാങ്ങിയതിൽ തട്ടിപ്പ് എന്ന ആരോപണം ഉയരുന്നു, വ്യാജ വാർത്തകൾ നിർമിച്ചു പ്രചരിപ്പിക്കുന്നു. മാധ്യമ ധാർമ്മികതയ്ക്ക് ചേർന്നതല്ല. തെറ്റായ രേഖകൾ ആണ് പ്രചരിപ്പിച്ചത്. ഞാൻ മന്ത്രിയായിരുന്ന കാലത്ത് കെഎസ്ആർടിസിയിൽ തെറ്റായ കാര്യങ്ങൾ നടന്നിട്ടില്ല എന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
എയർ സസ്‌പെൻഷൻ ഉള്ള സൂപ്പർ ഫാസ്റ്റ് ബസ് വാങ്ങിയത് 21 ലക്ഷം രൂപയ്ക്ക്. സ്പ്രിംഗ് സസ്പെൻഷൻ ഉള്ള ഫാസ്റ്റ് പാസഞ്ചർ ബസ്സ് വാങ്ങിയത് 20 ലക്ഷം രൂപയ്ക്ക്. എന്നാൽ ഒരു മാധ്യമം പ്രചരിപ്പിച്ച വാർത്തയിൽ ഒരു ബസിനു ഏഴു ലക്ഷം രൂപയൊക്കെ അധികമായി നൽകിയെന്നാണ്. തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ. 30 ലക്ഷം മുടക്കി KSRTC ബസുകൾ വാങ്ങിയിട്ടില്ല. രണ്ടു ഘട്ടമായി ബസുകൾ വാങ്ങിയത് KSRTCക്ക് ലാഭമാണ് ഉണ്ടാക്കിയത്. വ്യാജ രേഖ എവിടെ നിന്നും വന്നുവെന്നു അന്വേഷിക്കണം. ഇക്കാര്യം സർക്കാർ അന്വേഷിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
Post a Comment