ഇൻസ്റ്റഗ്രാം കെണി, പതിനാറുകാരിയെ തടവിലാക്കി പീഡനം; ഏഴു പേര്‍ക്കായി തെരച്ചില്‍
കോഴിക്കോട്: ചേവായൂരില്നിന്നു പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില് പ്രതികള്ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്ജിതമാക്കി.
പ്രതികള് നല്കിയ മുന്കൂര് ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. കണ്ണൂരിലെ രഹസ്യകേന്ദ്രത്തില് തടവിലാക്കിയ പെണ്കുട്ടിയെ കഴിഞ്ഞ ദിവസം പോലീസ് രക്ഷപ്പെടുത്തിയിരുന്നു. ലൈംഗികമായി ഉപദ്രവിച്ചതായുള്ള കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില് സുഹൈല്, വസീം, ആത്മജു എന്നിവര്ക്കെതിരേ പോലീസ് കേസടുത്തു.
രണ്ടു സംഘങ്ങള്‍
ഇവര് നല്കിയ മുന്കൂര് ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതി തള്ളി. മൊത്തം ഏഴുപേരാണ് കേസിലെ പ്രതികള്. ഇവരെ ഉടന് തന്നെ പിടികൂടുമെന്നു ചേവായൂര് എസ്‌എച്ചഒ പറഞ്ഞു. സുഹൈല് കണ്ണൂര് സ്വദേശിയും മറ്റു രണ്ടുപേര് കോഴിക്കോട് സ്വദേശികളുമാണ്. കോഴിക്കോട് സ്വദേശികളാണ് മുന്കൂര് ജാമ്യത്തിനു ശ്രമം തുടങ്ങിയിരിക്കുന്നത്. രണ്ടു സംഘങ്ങളാണ് പെണ്കുട്ടിയെ ഉപദ്രവിച്ചത്. ഈ സംഘങ്ങള്ക്കു പരസ്പരം ബന്ധമില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 15നു രാത്രി 10.30ന് കാറില് എത്തിയ രണ്ടു പേര് വീടിനു മുന്നില് വച്ചു പെണ്കുട്ടിയെ തട്ടിക്കൊണ്ടു പോയതായി വീട്ടുകാര് പോലീസില് പരാതി നല്കിയിരുന്നു. തുടര്ന്നു ചേവായൂര് ഇന്സ്പെക്ടറുടെ നേതൃത്വത്തില് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു.
ഞെട്ടിക്കുന്ന സംഭവങ്ങള്‍
ഇന്സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട ഒരു യുവാവാണ് സുഹൃത്തിന്റെ സഹായത്തോടെ രാത്രിയില് പെണ്കുട്ടിയെ കാറില് കയറ്റി കൊണ്ടുപോയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബന്ധുവിനു ലഭിച്ച ഫോണ് കോള് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില് കുട്ടിയെ സംഘം നെടുമ്പാശേരിയില് എത്തിച്ചതായി വിവരം ലഭിച്ചു. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പോക്സോ ഉള്പ്പെടെയുള്ള ഗുരുതര വകുപ്പുകള് ചുമത്തുമെന്ന മുന്നറിയിപ്പിനെത്തുടര്ന്ന് പ്രതികള് പെണ്കുട്ടിയെ തിരികെ നാട്ടിലേക്കു പോകാന് അനുവദിച്ചു.
മറ്റൊരു സംഘം
പെണ്കുട്ടി തിരിച്ചു വരുന്നതിനിടെ കണ്ണൂര് സ്വദേശികളായ മറ്റൊരു സംഘത്തിന്റെ കെണിയില് വീണു. വീട്ടില് എത്തിക്കാമെന്നു പറഞ്ഞ് ഇവര് പെണ്കുട്ടിയെ കൂട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിലാക്കുകയായിരുന്നു. രണ്ടു സംഘങ്ങളും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. പെണ്കുട്ടി നാട്ടിലേക്കു തിരിച്ച വിവരമറിഞ്ഞു പോലീസ് തൃശൂര് കെഎസ്‌ആര്ടിസി ബസ് സ്റ്റാന്ഡില് എത്തിയെങ്കിലും പെണ്കുട്ടിയെ കണ്ടെത്താന് കഴിഞ്ഞില്ല.
36 ദിവസത്തിനു ശേഷം കണ്ണൂരിലെ കൊളവല്ലൂര് രഹസ്യകേന്ദ്രത്തില്നിന്നാണ് പോലീസ് കണ്ടെത്തിയത്. പെണ്കുട്ടിയെ പോലീസ് കോഴിക്കോട് സിഡബ്ല്യുസിക്കു മുന്നില് ഹാജരാക്കി. ഇവരെ കെയര്ഹോമിലേക്കു മാറ്റി.
മറ്റൊരു യുവതിയും
രഹസ്യകേന്ദ്രത്തില് മറ്റൊരു യുവതികൂടി ഉണ്ടായിരുന്നതായും അര്ധരാത്രിയിലും മറ്റും യുവതിയുവാക്കള് ഇവിടെ വന്നു വന്നുപോകുന്നതായും നാട്ടുകാര് പറഞ്ഞു. കണ്ണൂര് കൊളവല്ലൂര് പോലീസ് സ്റ്റേഷന് പരിധിയിലെ ചെറ്റക്കണ്ടിയിലാണ് കുട്ടിയെ തടവിലാക്കിയിരുന്നത്. കൊളവല്ലൂര് സ്വദേശി പറമ്പത്ത് അജിതന് എന്ന വ്യക്തി രണ്ടു മാസം മുന്പ് വാടകയ്ക്കു കൊടുത്ത വീട്ടിലാണ് പെണ്കുട്ടിയെ തട്ടികൊണ്ടുവന്നു താമസിപ്പിച്ചത്.
കഴിഞ്ഞ ദിവസം കാറില് എത്തിയ സംഘത്തെ നാട്ടുകാര് തടഞ്ഞു വച്ചു ചോദ്യം ചെയ്തിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു മയക്കുമരുന്നു തൂക്കുന്ന ത്രാസ് കണ്ടെടുത്തിരുന്നുവെന്നും നാട്ടുകാര് പറഞ്ഞു.
Post a Comment