ഷിഗെല്ല നിയന്ത്രണ വിധേയമെന്ന് അവലോകന യോഗം മൊകേരി പഞ്ചായത്തിലെ വീടുകളില്‍ കുടിവെള്ള പരിശോധന നടത്തും
പാനൂർ: മൊകേരി പഞ്ചായത്തിലെ വ്യത്യസ്ത വാർഡുകളിലെ രണ്ടു കുട്ടികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പി.കെ പ്രവീണ്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ മൊകേരി പഞ്ചായത്ത് ഹാളില്‍ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
രോഗം നിയന്ത്രണവിധേയമാണെന്ന് യോഗം വിലയിരുത്തി.
പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്‌ക്വാഡ് രൂപീകരിച്ചു കുടിവെള്ള പരിശോധന നടത്താൻ യോഗം നിർദ്ദേശം നല്‍കി. രോഗ പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്തുന്നതിനും യോഗം തീരുമാനിച്ചു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക യോഗങ്ങള്‍ ചേരും.
അവലോകന യോഗത്തില്‍ മൊകേരി പഞ്ചായത്ത് പ്രസിഡന്റ് കനകം കുനിയില്‍, വൈസ് പ്രസിഡന്റ് ജയപ്രസാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ടി.കെ പുഷ്പ, ജില്ലാ മെഡിക്കല്‍ ഓഫീസർ ഇൻ ചാർജ്ജ് ഡോ. കെ.സി സച്ചിൻ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കല്‍ ഓഫീസർ ഡോ. കെ.ടി രമ്യ, ടെക്നിക്കല്‍ അസിസ്റ്റന്റ് എം.ബി മുരളി, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഖില്‍ രാജ്, മൊകേരി എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസർ ഡോ. ദില്‍ന എന്നിവർ പങ്കെടുത്തു.
1. മൊകേരി പഞ്ചായത്ത് 11ാം വാർഡില്‍ നാലുവയസുള്ള കുട്ടിക്ക് വയറിളക്കം, ഛർദ്ദി, പനി, മലത്തില്‍ രക്തം എന്നിവ കണ്ടതിനെ തുടർന്ന് ജൂണ്‍ എട്ടിനാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പിറ്റേ ദിവസം കുട്ടി അഡ്മിറ്റായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നിലവില്‍ കുട്ടിയുടെ വീട്ടില്‍ മറ്റാർക്കും ലക്ഷണങ്ങള്‍ ഇല്ല.
2. പത്താം വാർഡിലെ എട്ട് വയസുള്ള കുട്ടിക്ക് പത്താം തീയതിയിലാണ് വയറിളക്കം, പനി, ഛർദി എന്നീ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ വീട്ടിലെ കിണറില്‍ നിന്നും വാട്ടർ സാമ്പിള്‍ ശേഖരിച്ചു. പ്രദേശത്ത് ഫീവർ സർവേ നടത്തി.
1108 സ്ഥാപനങ്ങളില്‍ പരിശോധന, 108 കടകള്‍ക്ക് നോട്ടീസ്
ജില്ലയില്‍ ഷിഗെല്ല ഉള്‍പ്പെടെയുള്ള ഭക്ഷ്യ ജലജന്യ രോഗം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ 94 സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 1108 സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്തതും ശുചിത്വം കുറഞ്ഞതുമായ 108 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഒരു ഭക്ഷ്യ പാനീയ വില്പന ശാല അടച്ചുപൂട്ടാൻ നിർദേശിച്ചു. പൊതുസ്ഥലത്തെ പുകവലി നിയമ ലംഘനത്തിന് 18,000 രൂപ കോട്പ ആക്‌ട് പ്രകാരം പിഴ ഈടാക്കി.
ജില്ലയില്‍ ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താൻ തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തിപ്പെടുത്തും. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കർശന മാക്കും
ഡോ. കെ.സി സച്ചിൻ, ജില്ലാ മെഡിക്കല്‍ ഓഫീസർ ഇൻചാർജ്
Post a Comment