നീറ്റിൽ ആൾമാറാട്ടം തടയാൻ വിചിത്ര ഉത്തരവ്; എല്ലാ മെഡിക്കൽ കോളജുകളിലെയും വിദ്യാർത്ഥികൾ ഇന്ന് ക്യാമ്പസിൽ എത്തണം, പ്രതിഷേധം
ദില്ലി: നീറ്റ് പുന:പരീക്ഷ നടക്കുന്നതിനാൽ എല്ലാ മെഡിക്കൽ കോളജുകളിലെയും വിദ്യാർത്ഥികൾ ഇന്നും ക്യാമ്പസിൽ തുടരണമെന്ന ഉത്തരവ്. ഞായറാഴ്ച ക്യാമ്പസിൽ തുടരണമെന്ന നിർദേശം പ്രയാസം ഉണ്ടാക്കുന്നെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. അവധി ദിവസം നിർദ്ദേശം നടപ്പിലാക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ആൾമാറാട്ടം ഉൾപ്പെടെയുള്ള മുൻകാലത്തെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നലെയും ഇന്നും വിദ്യാർത്ഥികൾക്ക് ലീവ് അനുവദിക്കരുതെന്നും ഇന്ന് നിർബന്ധമായും ക്യാമ്പസ് ആക്ടിവിറ്റികൾ ഉറപ്പുവരുത്തണം എന്നുമായിരുന്നു ഉത്തരവ്. ഇത് പാലിക്കില്ലെന്ന് എംബിബിഎസ് വിദ്യാർത്ഥികൾ പ്രതികരിച്ചു. കഴിഞ്ഞ നീറ്റ് പരീക്ഷയിലും ഇത്തരം നിർദ്ദേശം ഉണ്ടായിരുന്നു. എൻടിഎയുടെ വീഴ്ച തങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയാണെന്ന് വിദ്യാർത്ഥികൾ വിമർശിച്ചു. എൻടിഎയുടെ വീഴ്ചയ്ക്ക് വിദ്യാർത്ഥികൾക്ക് മെഡിക്കൽ ലീവ് പോലും അനുവദിക്കാതെ പൂട്ടിയിടുന്നുവെന്നാണ് പരാതി.
കർശന സുരക്ഷയിൽ നീറ്റ് പുനപരീക്ഷ
രാജ്യത്തെ ആകെ 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് നീറ്റ് പുനപരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ചേകാൽ വരെയാണ് പരീക്ഷ. പരീക്ഷ നടത്തിപ്പിനുള്ള എല്ലാം ക്രമീകരണങ്ങളും പൂർത്തിയായെന്ന് എൻടിഎ അറിയിച്ചു. ഈ പരീക്ഷയുടെ ചോദ്യപേപ്പർ എങ്കിലും ചോരില്ലെന്ന വിശ്വാസത്തിൽ വിദ്യാർത്ഥികൾ ഇന്ന് പരീക്ഷാ ഹാളിലേക്ക് എത്തുകയാണ്. രാജ്യത്തെ 551 ഉം വിദേശത്തെ 14 ഉം നഗരങ്ങളിലായി 5440 നീറ്റ് പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമായിരിക്കുന്നത്. സുരക്ഷയ്ക്കായി രണ്ടരലക്ഷം പൊലീസ് ഉദ്യോഗസ്ഥരെയും 15000 അർദ്ധസൈനികരെയും വിന്യസിച്ചു. ചോദ്യപേപ്പറുകളുടെയും ഉത്തക്കടലാസുകളുടെയും സുരക്ഷ അർധ സൈനിക വിഭാഗങ്ങൾക്കാണ്. പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റും മറ്റുമായി ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51000 സിഗ്നൽ ജാമറുകളും സജ്ജമാക്കിയിട്ടുണ്ട്.
ക്യാമറ ദൃശ്യങ്ങൾ തൽസമയം നിരീക്ഷിക്കാൻ എൻടിഎയുടെ പ്രത്യേക സംഘം ഉണ്ടായിരിക്കും. സമൂഹ മാധ്യമ നിരീക്ഷണത്തിന് ഹൈ - ലെവൽ മോണിറ്ററിങ് സെന്റർ ഉണ്ട്. പഴുതടച്ചുള്ള ക്രമീകരണങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയ്ക്കായി യുദ്ധകാല അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങളാണ് നടന്നത്. വ്യോമസേനയുടെ വിമാനങ്ങളിലാണ് ചോദ്യപേപ്പറുകൾ എത്തിച്ചത്. പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശങ്ങൾ ദേശീയ പരീക്ഷ ഏജൻസി പുറത്തിറക്കി. ഹാൾടിക്കറ്റിനൊപ്പം തിരിച്ചറിയൽ രേഖയും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും കരുതണം. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷാ ഹാളിലേക്ക് പ്രവേശനം. അതിനുള്ളിൽ പ്രവേശനം ഉറപ്പാക്കണം. പരീക്ഷാ ഹാളിൽ എന്തെങ്കിലും നിയമവിരുദ്ധ നടപടികൾക്ക് ശ്രമിച്ചാൽ കർശന നടപടിയെന്നാണ് മുന്നിറിയിപ്പ്.
إرسال تعليق