Join News @ Iritty Whats App Group

നീറ്റാകാൻ നീറ്റ്; നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽ; മറ്റന്നാൾ പുനപരീക്ഷ

നീറ്റാകാൻ നീറ്റ്; നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽ; മറ്റന്നാൾ പുനപരീക്ഷ


ദില്ലി: ജൂൺ 21ന് നടക്കുന്ന നീറ്റ് യുജി പുനപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നാളെ (ജൂൺ 20) രാജ്യവ്യാപക മോക്ക് ഡ്രിൽ സംഘടിപ്പിക്കും. പരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ചു വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന മോക്ക് ഡ്രില്ലിൽ രണ്ടര ലക്ഷത്തിലധികം സുരക്ഷാ ഉദ്യോ​ഗസ്ഥ‍ർ ഭാ​ഗമാകും. ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതോടെയാണ് ജൂൺ 21ന് പുനപരീക്ഷ നടക്കുന്നത്. രാജ്യത്തെ 5000ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തെ 14 കേന്ദ്രങ്ങളിലുമായി 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുക.

പരീക്ഷയ്ക്ക് മുന്നോടിയായി, എൻടിഎ വിദ്യാർത്ഥികൾക്ക് എസ്എംഎസുകളായും ഇമെയിലുകളായും വാട്സ്ആപ്പ് സന്ദേശങ്ങളായും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള അറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും എൻടിഎ നി‍‌ർദേശിച്ചിട്ടുണ്ട്. 'NICPEP', 'no-reply.neet.nta@nic.in' എന്നീ ഐഡികളിൽനിന്ന് മാത്രമേ സന്ദേശം അയയ്ക്കൂ എന്നും എൻടിഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൂൺ 21ലെ പരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്ത ഉദ്യോ​ഗാ‍ർത്ഥികൾ വീണ്ടും ഡൗൺലോഡ് ചെയ്യേണ്ടെന്നും എൻടിഎ അറിയിച്ചു. അതേസമയം മെയ് മൂന്നിന് നടന്ന പരീക്ഷയ്ക്ക് ഉപയോ​ഗിച്ചിരുന്ന അഡ്മിറ്റ് കാ‍ർഡ് അസാധുവായിരിക്കുമെന്നും എൻടിഎ വ്യക്തമാക്കി.

അതിനിടെ, നീറ്റ് യുജി പുനപരീക്ഷ ചോദ്യപ്പേപ്പ‍ർ‌ ചോർന്നുവെന്ന പ്രചാരണം എൻടിഎ തള്ളി. വ്യാജ പ്രചാരണങ്ങളാണെന്നും ചോദ്യപ്പേപ്പർ സുരക്ഷിതമാണെന്നും എൻടിഎ ഡയറക്ട‍ർ ജനറൽ അഭിഷേക് സിങ് അറിയിച്ചു. പരീക്ഷ നടപടിക്രമങ്ങളുടെ ഓരോ ഘട്ടത്തിലും ഒന്നിലധികം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചോദ്യപ്പേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെ സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്കാണ്. ഓരോ പരീക്ഷാ കേന്ദ്രങ്ങളിലും ത്രിതല സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group