Join News @ Iritty Whats App Group

പായസം വിളമ്പിയത് മന്ത്രിയുടെ സ്റ്റാഫ്; മുദ്രവാക്യം വിളിക്കുന്നതിനിടെ വനിതാ പ്രവര്‍ത്തകയുടെ കൈ അറിയാതെ തട്ടി; മന്ത്രിയുടെ തലയിലേക്ക് ചൂടുപായസം മറിഞ്ഞുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ബിന്ദു കൃഷ്ണക്ക് പരാതിയില്ലെങ്കിലും അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച്

പായസം വിളമ്പിയത് മന്ത്രിയുടെ സ്റ്റാഫ്; മുദ്രവാക്യം വിളിക്കുന്നതിനിടെ വനിതാ പ്രവര്‍ത്തകയുടെ കൈ അറിയാതെ തട്ടി; മന്ത്രിയുടെ തലയിലേക്ക് ചൂടുപായസം മറിഞ്ഞുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ബിന്ദു കൃഷ്ണക്ക് പരാതിയില്ലെങ്കിലും അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച്


കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്‌ആര്‍ടിസി 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണത് പഴ്‌സനല്‍ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ.

പഴ്‌സനല്‍ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ, കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കൈതട്ടി മന്ത്രിയുടെ തലയിലേക്ക് പായസം വീഴുകയായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നു. കൊല്ലം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ വെച്ച്‌ നടന്ന ചടങ്ങിനിടെയാണ് സംഭവം

പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തില്‍ ബസിനുള്ളില്‍ വെച്ച്‌ യാത്രക്കാര്‍ക്കും മറ്റും പായസവിതരണം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ മന്ത്രിക്ക് നല്‍കാനായി പേഴ്‌സണല്‍ സ്റ്റാഫ് അംഗം പായസം കൈമാറാന്‍ ശ്രമിച്ചു. ഈ സമയത്ത് മന്ത്രിയെ കാണാനും ആശംസകള്‍ അറിയിക്കാനുമായി അനുയായികളും യാത്രക്കാരും ബസിനുള്ളിലേക്ക് ഇരച്ചുകയറിയതോടെ വലിയ തിക്കും തിരക്കുമുണ്ടായി. തിരക്കിനിടയില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്ന ഒരു കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകയുടെ കൈ അബദ്ധത്തില്‍ തട്ടുകയും, ഇതോടെ പാത്രത്തിലുണ്ടായിരുന്ന ചൂട് പായസം മന്ത്രിയുടെ തലയിലേക്കും ദേഹത്തേക്കും മറിയുകയുമായിരുന്നു.

കടുത്ത ചൂടുള്ള പായസം തലയിലേക്ക് വീണതോടെ മന്ത്രി നിലവിളിച്ചുകൊണ്ട് സീറ്റില്‍ നിന്നും ചാടി എഴുന്നേറ്റു. അപ്രതീക്ഷിത സംഭവത്തിന്റെ ഞെട്ടലില്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും ചേര്‍ന്ന് തങ്ങളുടെ ഷാളും തൂവാലകളും ഉപയോഗിച്ച്‌ മന്ത്രിയുടെ മുഖവും തലയും വേഗത്തില്‍ തുടച്ചു വൃത്തിയാക്കി. സംഭവത്തിന്റെ അസ്വാഭാവികതയില്‍ മന്ത്രി ബസിനുള്ളില്‍ വെച്ച്‌ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു. മന്ത്രി ചിന്നക്കട വരെ അതേ ബസില്‍ തന്നെ യാത്ര ചെയ്ത ശേഷമാണ് അവിടെ നിന്നും മടങ്ങിയത്.

സംഭവത്തില്‍ മന്ത്രിയുടെ ഭാഗത്തുനിന്നും പോലീസില്‍ ഇതുവരെ ഔദ്യോഗികമായി യാതൊരു പരാതിയും നല്‍കിയിട്ടില്ല. എങ്കിലും അതീവ സുരക്ഷയുള്ള മന്ത്രിക്ക് നേരെ ബസിനുള്ളില്‍ വെച്ചുണ്ടായ ഈ അനിഷ്ട സംഭവത്തെക്കുറിച്ച്‌ സ്‌പെഷ്യല്‍ ബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. അതേസമയം, സംഭവം മനഃപൂര്‍വ്വം ചെയ്തതല്ലെന്നും ബസിനുള്ളില്‍ ഉണ്ടായ അനിയന്ത്രിതമായ തിരക്ക് കാരണം അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം.

Post a Comment

Previous Post Next Post
Join Our Whats App Group