യുഎസ്-ഇറാൻ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിൽ ഒപ്പിടുമെന്ന് പാക് പ്രധാനമന്ത്രി; ഇസ്രായേൽ നിലപാടിൽ ആശങ്ക
ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായകമായ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിൽ ഒപ്പുവയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. അടുത്തയാഴ്ച സാങ്കേതിക തല ചർച്ചകൾ തുടരുമെന്നും ഷഹബാസ് ഷരീഫ് സമൂഹമാധ്യമമായ എക്‌സിൽ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ ഉടമ്പടികളിൽ ധാരണയിലെത്തിയെന്നാണ് യുഎസ് കേന്ദ്രങ്ങളും വ്യക്തമാക്കുന്നത്. യുദ്ധത്തിൽ ജേതാവ് തങ്ങളാണെന്ന് അവകാശപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി രംഗത്തെത്തി. പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന സമാധാന ചർച്ചകളിൽ ഇസ്രായേൽ ഭാഗമല്ലാത്തത് ഇപ്പോഴും പ്രതിസന്ധിയായി തുടരുകയാണ്.
ജനീവയിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും തമ്മിൽ കരാർ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ഇറാൻ അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നു നൽകാനും ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാനും ഇറാന്റെ ശതകോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ മരവിപ്പിച്ച നടപടി അമേരിക്ക പിൻവലിക്കാനും ഇറാൻ്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകാനും ധാരണയായെന്നാണ് വിവരം. ഇറാന്റെ ആണവപദ്ധതികളെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇനിയും ചർച്ചകൾ നടക്കും.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രധാന ലക്ഷ്യങ്ങൾ കരാറിലൂടെ കൈവരിക്കാനാകുമെന്ന് യുഎസ് അവകാശപ്പെടുന്നു. ഇറാൻ കൃത്യമായി വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ ഫണ്ട് അനുവദിക്കൂ എന്നും ഇത് പൂർണ്ണമായും അവരുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള കരാർ മാത്രമാണെന്നും അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഹോർമുസ് കടലിടുക്കിൽ പുതിയ സൈനിക നീക്കങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വാണിജ്യ കപ്പലുകൾക്ക് ഭീഷണിയാകുംവിധം ഹോർമുസ് കടലിടുക്കിലേക്ക് നീങ്ങിയ ഇറാന്റെ നിരവധി ഡ്രോണുകൾ യുഎസ് സേന വെടിവെച്ചിട്ടതായാണ് വിവരം. അനുമതിയില്ലാതെ അതിർത്തി കടക്കാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒമാനോടൊപ്പം ചേർന്ന് ഇറാൻ തന്നെ നിലനിർത്തുമെന്നും ഈ മേഖലയിൽ തങ്ങളുടെ മേൽക്കോയ്മ തുടരുമെന്നും ഇറാന്റെ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി.
അമേരിക്കയ്ക്കൊപ്പം യുദ്ധരംഗത്തുണ്ടായിരുന്ന ഇസ്രായേൽ സമാധാന കരാറിന്റെ ഭാഗമാകില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ലെബനനിലെ സൈനിക നീക്കങ്ങൾ ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതാണ് യുഎസിനും ഇസ്രായേലിനും ഇടയിലെ ഭിന്നതയ്ക്ക് കാരണം. പുതിയ കരാർ വഴി ലെബനനിലെ യുദ്ധം അവസാനിക്കുമെന്നും ഇസ്രായേൽ പിൻവാങ്ങേണ്ടി വരുമെന്നും ഇറാൻ അവകാശപ്പെടുന്നു. എന്നാൽ തങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള സൈനിക നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ഇസ്രായേലിന്റെ നിലപാട്.
إرسال تعليق