Join News @ Iritty Whats App Group

ഒഴുക്കിലേക്ക് എടുത്തുചാടി ബംഗാളി യുവാവും 19-കാരന്‍ അമേകും; ഇരിട്ടി പുഴയിലെ ആ മരണംമുഖാമുഖം കണ്ട നിമിഷങ്ങള്‍; ജീവന്‍ പണയപ്പെടുത്തി യുവതിയെ രക്ഷിച്ച ഷഹാനുലും അമേകും നാട്ടുകാര്‍ക്ക് ഹീറോകള്‍

ഒഴുക്കിലേക്ക് എടുത്തുചാടി ബംഗാളി യുവാവും 19-കാരന്‍ അമേകും; ഇരിട്ടി പുഴയിലെ ആ മരണംമുഖാമുഖം കണ്ട നിമിഷങ്ങള്‍; ജീവന്‍ പണയപ്പെടുത്തി യുവതിയെ രക്ഷിച്ച ഷഹാനുലും അമേകും നാട്ടുകാര്‍ക്ക് ഹീറോകള്‍


രിട്ടി: അപകടത്തില്‍പ്പെടുന്നവനെ നോക്കി മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ലൈക്ക് വാങ്ങാന്‍ വെമ്പുന്ന കാഴ്ച്ചകള്‍ ഇന്നത്തെ സമൂഹത്തില്‍ സാധാരണയാണ്.

ഇത്തരക്കാര്‍ക്കിടയില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി മനുഷ്യത്വത്തിന്റെ മാതൃക തീര്‍ത്തിരിക്കുകയാണ് രണ്ട് യുവാക്കള്‍. കഴിഞ്ഞ തിങ്കളാഴ്ച ഇരിട്ടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെയാണ് ഒട്ടും സമയം കളയാതെ പുഴയിലേക്ക് എടുത്തുചാടി ഇവര്‍ മരണവക്ത്രത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ആദ്യം രക്ഷകനായി ബംഗാള്‍ സ്വദേശി ഷഹാനുല്‍ യുവതി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത് ഇത കണ്ട നാട്ടുകാര്‍ നോക്കിനില്‍ക്കെ, സമീപത്തെ കെട്ടിട നിര്‍മ്മാണ സ്ഥലത്ത് ജോലി ചെയ്യുകയായിരുന്ന പശ്ചിമ ബംഗാള്‍ സിലിഗുരി സ്വദേശിയായ ഷഹാനുല്‍ ഇസ്ലാം (29) മറ്റൊന്നും ചിന്തിക്കാതെ പുഴയിലേക്ക് ചാടുകയായിരുന്നു.

കേരളത്തില്‍ എത്തിയിട്ട് രണ്ട് ദിവസമേ ആയുള്ളൂ എന്നതും, ആ നിര്‍മ്മാണ സൈറ്റില്‍ ഷഹാനുലിന്റെ ആദ്യത്തെ പ്രവൃത്തിദിനമായിരുന്നു അന്ന് എന്നതുമാണ് ഏറെ ശ്രദ്ധേയം. അരയില്‍ ഒരു കയര്‍ മാത്രം കെട്ടിയാണ് ഷഹാനുല്‍ പുഴയിലെ ഒഴുക്കിലേക്ക് ചാടിയത്. യുവതിയുടെ അടുത്തെത്തി അവരെയും കൂട്ടി കരയിലേക്ക് നീന്താന്‍ ശ്രമിച്ചെങ്കിലും പകുതി വഴിയില്‍ വെച്ച്‌ അരയിലെ കയര്‍ അഴിഞ്ഞുപോവുകയായിരുന്നു. മരണഭയം കാരണം യുവതി ഷഹാനുലിനെ കെട്ടിപ്പിടിച്ച്‌ വെള്ളത്തിലേക്ക് താഴ്ത്താന്‍ തുടങ്ങിയതോടെ ഇരുവരും മുങ്ങിത്താഴാന്‍ തുടങ്ങി.

തുണയായി എത്തിയ 19-കാരന്‍ അമേക് ഇരുവരും വെള്ളത്തില്‍ മുങ്ങിത്താഴുന്ന അതിനിര്‍ണായകമായ ഈ സമയത്താണ് ഡെലിവറി ജോലിക്കായി ആ വഴി വന്ന മുഴക്കുന്ന് സ്വദേശിയായ അമേക് സജീവന്‍ (19) ഈ കാഴ്ച കാണുന്നത്. നാട്ടുകാരില്‍ ചിലര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതല്ലാതെ പുഴയിലേക്ക് ഇറങ്ങാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു. സാഹചര്യം മനസ്സിലാക്കിയ അമേക്, തന്റെ മൊബൈല്‍ ഫോണ്‍ പോലും മാറ്റിവെക്കാതെ പോക്കറ്റിലിട്ടുകൊണ്ട് തന്നെ പുഴയിലേക്ക് എടുത്തുചാടി.

തുടര്‍ന്ന് കയറിന്റെ സഹായത്തോടെ അതീവ പ്രയാസപ്പെട്ട് ഷഹാനുലിനെയും ബോധരഹിതയായ യുവതിയെയും അമേക് സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു. മുന്‍പ് പലരും അപകടത്തില്‍പ്പെട്ടിട്ടുള്ള, ഏറെ ആഴവും ഒഴുക്കുമുള്ള ഇരിട്ടി പുഴയിലാണ് ഈ യുവാക്കള്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

മരണഭയത്തില്‍ നില്‍ക്കുന്ന വ്യക്തി രക്ഷിക്കാന്‍ വരുന്നയാളെ ശക്തമായി വരിഞ്ഞുമുറുക്കാന്‍ സാധ്യതയുണ്ട്. ഇത് രണ്ടുപേരുടെയും ജീവന്‍ അപകടത്തിലാക്കാം. അതുകൊണ്ട് തന്നെ രക്ഷിക്കാന്‍ ചെല്ലുന്നവര്‍ മുങ്ങിത്താഴുന്ന ആളുടെ ശരീരത്തില്‍ നേരിട്ട് പിടിക്കാതെ അവരുടെ വസ്ത്രത്തിലോ മുടിയിലോ പിടിച്ച്‌, ശരീരത്തില്‍ നിന്നും അകറ്റി വേണം നീന്താന്‍ എന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. സ്വന്തം ജീവനേക്കാള്‍ മറ്റൊരാളുടെ ജീവന് വില കല്‍പ്പിച്ച ഷഹാനുല്‍ ഇസ്ലാമിനും അമേക് സജീവനും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും നാട്ടിലും വലിയ രീതിയിലുള്ള പ്രശംസയും ആദരവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group