പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് ഫലം ജൂൺ 15ന്, 17 വരെ പ്രവേശനം നേടാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂൺ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 10 മണിമുതൽ പ്രവേശനം സാധ്യമാകും വിധമായിരിക്കും ഫലം പ്രസിദ്ധികരിക്കുക. ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17ന് വൈകിട്ട് അഞ്ചുമണി വരെ നടക്കും.
അലോട്ട്‌മെന്റ് വിവരങ്ങൾ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റായ 'https://www.hscap.kerala.gov.in' ൽ പ്രവേശിച്ച് 'Candidate Login-SWS' എന്നതിലൂടെ ലോഗിൻ ചെയ്ത് ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ 'First Allot Results' എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ 'First Allot Results' എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം മെയ് 25ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെൻറ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും.
ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്‌കൂളിൽ അടയ്ക്കാം.
മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
താൽക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്.
അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.
ആദ്യ അലോട്ട്‌മെൻ്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്‌മെന്റുകൾക്കായി കാത്തിരിക്കുക.
വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോസ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം.
അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ട സമയത്ത് തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് എത്തിച്ചേരണം.
ഇതുവരെ അപേക്ഷിക്കാത്തവർ ശ്രദ്ധിക്കുക
പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെൻ്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും മറ്റും അലോട്ട്‌മെൻറിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെൻററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം.
മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം
മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ അലോട്ട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് Candidate Login-MRS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. എസ്.എസ്.എൽ.സി പുനഃപരിശോധനാ റിസൾട്ട് ഉൾപ്പെടുത്തിയാണ് അലോട്ട്‌മെന്റ് റിസൾട്ടുകൾ പ്രസിദ്ധീകരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണം.
Post a Comment