Join News @ Iritty Whats App Group

സിമന്റ് വിൽപ്പനയുടെ പേരിൽ വൻ തട്ടിപ്പ്; ഇരിട്ടിയിലെ സിമന്റ്‌ കടക്കാരന് നഷ്ട്ടമായത് 100 ചാക്ക് സിമന്റ്‌

സിമന്റ് വിൽപ്പനയുടെ പേരിൽ വൻ തട്ടിപ്പ്; ഇരിട്ടിയിലെ സിമന്റ്‌ കടക്കാരന് നഷ്ട്ടമായത് 100 ചാക്ക് സിമന്റ്‌


ഇരിട്ടി: മലയോര മേഖലയിൽ സിമന്റ് വിൽപ്പനയുടെ പേരിൽ വൻ തട്ടിപ്പ് നടന്നതായി പരാതി. വിൽപ്പനക്കാരും ഉപഭോക്താക്കളും ഒരുപോലെ തട്ടിപ്പിനിരയായ സംഭവത്തിൽ ഉളിക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പലവിധ തന്ത്രങ്ങളിലൂടെയാണ് തട്ടിപ്പ് സംഘം ആളുകളുടെ പണം കവരുന്നത്. സിമന്റ് ആവശ്യമുള്ളവരുടെ ഫോൺ നമ്പറുകൾ സംഘടിപ്പിച്ച ശേഷം, അന്താരാഷ്ട്ര സാഹചര്യങ്ങളും യുദ്ധസാധ്യതകളും ചൂണ്ടിക്കാട്ടി സിമന്റ് വില ഉയരാൻ സാധ്യതയുണ്ടെന്ന് വിശ്വസിപ്പിക്കുകയാണ് ഇവർ. തുടർന്ന് നിലവിലെ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സിമന്റ് നൽകാമെന്ന് പറഞ്ഞ് ഉപഭോക്താക്കളുമായും കടയുടമകളുമായും ഫോൺ മുഖേന ബന്ധപ്പെടുന്നു.

ഇത്തരത്തിൽ ലഭിച്ച ഓർഡറിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി ന്യൂ ഹൈലാൻഡിൽ നിന്നും രാംകോ കമ്പനിയുടെ നൂറ് ചാക്ക് സിമന്റ് നുച്ചിയാട് സ്വദേശിയായ നൗഫലിന്റെ സ്ഥലത്ത് എത്തിച്ചു. എന്നാൽ ഓർഡർ നൽകിയ തട്ടിപ്പുകാരൻ ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയതോടെ തട്ടിപ്പ് പുറത്തറിയുകയായിരുന്നു.
 
സിമന്റ് കമ്പനിയുടെ പേര് പറഞ്ഞാണ് കടയിലേക്ക് തട്ടിപ്പുകാരൻ ഫോൺ വിളിച്ച് ഓർഡർ നൽകിയത്. തുടർന്ന് സിമന്റ് കൊണ്ടുപോയ വാഹനത്തെക്കുറിച്ചും ഡ്രൈവറുടെ പേരും ചോദിച്ചു മനസ്സിലാക്കി നേരെ ഉപഭോക്താവിനെ വിളിച്ച് പറയും. പണം ഡ്രൈവറുടെ കയ്യിൽ കൊടുക്കേണ്ടെന്നും ഗൂഗിൾ പേ വഴി ഇട്ടാൽ മതിയെന്നും പറഞ്ഞത് പ്രകാരം ഉപഭോക്താവ് ഗൂഗിൾ പേവഴി 28,000 രൂപ അയച്ചുകൊടുക്കുകയായിരുന്നു.
വീട് നിർമ്മാണത്തിനായി സിമന്റിന്റെ വില വിവിധ ഇടങ്ങളിൽ അന്വേഷിച്ചിരുന്നതിനിടെയാണ് കുറഞ്ഞ വിലയിൽ സിമന്റ് ലഭിക്കുമെന്ന് പറഞ്ഞ് ഒരാൾ ഫോണിൽ ബന്ധപ്പെട്ടതെന്ന് നൗഫൽ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് സിമന്റ് വാങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിലുള്ള തട്ടിപ്പുകൾ പല സ്ഥലങ്ങളിലും നടക്കുന്നുണ്ടെന്നും, കുറഞ്ഞ വിലയ്ക്ക് സിമന്റ് എത്തിച്ചു തരാമെന്ന് പറഞ്ഞ് മുൻകൂർ പണം വാങ്ങി ആളുകളെ പറ്റിക്കുന്ന സംഘങ്ങൾ സജീവമാണെന്നും ന്യൂ ഹൈലാൻഡ് ഉടമ നിതിൻ ജോസ് പറഞ്ഞു.
സിമന്റ് വാങ്ങുമ്പോൾ സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുകയും പണം കൈമാറുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകൾ നടത്തുകയും വേണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. കട ഉടമയുടെയും നൗഫലിന്റെയും പരാതികൾ ഉളിക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group