Join News @ Iritty Whats App Group

തമിഴ്‌നാട്ടിൽ ഇനി വിജയ് Vs ഉദയനിധി പോര്, ഡിഎംകെ നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു, പ്രതിപക്ഷ നേതാവാകും

തമിഴ്‌നാട്ടിൽ ഇനി വിജയ് Vs ഉദയനിധി പോര്, ഡിഎംകെ നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു, പ്രതിപക്ഷ നേതാവാകും


ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഇനി വിജയ് - ഉദയനിധി പോരാട്ടം. ഇന്ന് ചേർന്ന ഡി എം കെ നിയമസഭാകക്ഷി യോഗം നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു. ഇതോടെയ തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവാര് എന്ന ചോദ്യത്തിന് കൂടിയാണ് ഉത്തരമായത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ ഉദയനിധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിലൂടെ ഡി എം കെയിൽ തലമുറ മാറ്റം കൂടിയാണ് സംഭവിച്ചിരിക്കുന്നത്. മുതിർന്ന നേതാവ് കെ എൻ നെഹ്‌റുവാണ് നിയമസഭാകക്ഷി ഉപനേതാവ്. ഭരണകക്ഷിയായ ടി വി കെയും മുഖ്യമന്ത്രി വിജയ്‌യും നേരിടുക ഡി എം കെയുടെ യുവനേതാവിനെയാകും എന്ന പ്രത്യേകതയുമുണ്ട്. നേതൃപദവി കരുണാനിധി കുടുംബത്തിൽ തന്നെ നിലനിർത്തിയതിലൂടെ പാർട്ടിക്കുള്ളിലെ അധികാരം ഊട്ടിയുറപ്പിക്കുകയാണ് സ്റ്റാലിൻ.

ആദ്യ ദിനം തന്നെ വിജയ് സർക്കാരിന് വിമർശനം

അതേസമയം തമിഴ്നാട്ടിൽ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം തന്നെ സർക്കാരിനെതിരെ വിമർശനവും ഉയർന്നു. സത്യപ്രതിജ്ഞ വേദിയിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ടാണ് വിമർശനം കനക്കുന്നത്. തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്ന് ആക്ഷേപിച്ച് പ്രതിപക്ഷമായ ഡി എം കെയും ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന സി പിഐ യും രം​ഗത്തെത്തി. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഡി എം കെ - ടി വി കെയും തമ്മിൽ സൈബർ പോരും ശക്തമായിട്ടുണ്ട്. വേദിയിലെ വന്ദേമാതരത്തിലൂടെ വിജയ് ബി ജെ പിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചെന്നും തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്നുമുള്ള ആക്ഷേപമാണ് ഡി എം കെ ഉയർത്തുന്നത്. ബംഗാളിലെ സത്യപ്രതിജ്ഞയിൽ പോലും വന്ദേമാതരം അലപിച്ചിരുന്നില്ലെന്ന് ഡി എം കെ ഹാൻഡിലുകൾ ചൂണ്ടിക്കാട്ടുന്നു. 2021 ലെ സ്റ്റാലിൻ്റെ സത്യപ്രതിജ്ഞ വീഡിയോ പങ്കുവച്ചാണ് ടി വി കെ ഹാൻഡിലുകൾ രം​ഗത്തെത്തുന്നത്. സ്റ്റാലിൻ മുഖ്യമന്ത്രി ആയിരിക്കെ, അർലേക്കർ ഗവർണർ ആയി ചുമതലയേറ്റെടുത്ത ചടങ്ങിൽ വന്ദേമാതരം ആലപിച്ചതും ചൂണ്ടിക്കാട്ടിയാണ് ടി വികെ മറുപടി. പ്രോട്ടോക്കോൾ മാറ്റത്തിന് കാരണം അറിയണമെന്നും തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി പോയെന്നും ചൂണ്ടിക്കാട്ടിയാണ് സി പി ഐയുടെ വിമർശനം. സംസ്ഥാനത്തിന്റെ പാരമ്പര്യം ഇതല്ലെന്നും നിയമസഭയിൽ എം എൽ എമാരുടെ സത്യപ്രതിജ്ഞക്ക് തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്നും സി പി ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group