Join News @ Iritty Whats App Group

ഗര്‍ഭിണി വെന്തുമരിച്ച സംഭവം; പെട്രോളെത്തിച്ചത് സോന, ആസൂത്രണത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്ന് പൊലീസ്

ഗര്‍ഭിണി വെന്തുമരിച്ച സംഭവം; പെട്രോളെത്തിച്ചത് സോന, ആസൂത്രണത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്ന് പൊലീസ്


കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ കാർ കത്തി എട്ട് മാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് രജിൻ ലാലിന് പങ്കില്ലെന്ന് പൊലീസ്.

കാറില്‍ പെട്രോളെത്തിച്ചത് യുവതിയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. കാറിലെ പെട്രോള്‍ സാന്നിദ്ധ്യം സ്ഥിരീകരിച്ച പൊലീസ് പെട്രോളെത്തിച്ചത് സോനയാണെന്ന് ഉറപ്പിച്ചിരുന്നു. സോന പെട്രോള്‍ ബങ്കില്‍ തനിച്ചെത്തി വെളുത്ത കന്നാസില്‍ പെട്രോള്‍ വാങ്ങി തിരിച്ചെത്തുന്ന സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സോനയുടെ ഭർത്താവ് പൂവത്തുംചാലില്‍ രജിൻലാല്‍ ഓടിച്ചിരുന്ന കാർ കത്തി സോന വെന്തു മരിച്ചത്. അറുപത്തഞ്ച് ശതമാനത്തോളം പൊള്ളലേറ്റ രജിൻലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സോനയെ ആശുപത്രിയില്‍ കാണിച്ച്‌ തിരികെ വരുമ്പോഴാണ് സംഭവം. കാറില്‍ നിന്ന് പെട്രോള്‍ മണമുയർന്നത് ചോദിച്ചയുടൻ കാർ കത്തിയെന്നാണ് രജിൻലാലിന്റെ മൊഴി. രജിൻലാലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സോന സംശയിച്ചിരുന്നു. മൂന്നു വർഷം മുമ്പായിരുന്നു ഇവരുടെ പ്രണയ വിവാഹം. വീട്ടുകാരുടെ എതിർപ്പ് കാരണം രജിൻലാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറാനൊരുങ്ങിയതിനെ തുടർന്ന് സോന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും പറയുന്നു.

കാറിന്റെ ഉള്‍വശം, പ്രത്യേകിച്ചും സോന ഇരുന്നിരുന്ന പിൻസീറ്റിന്റെ ഭാഗമാണ് കൂടുതല്‍ കത്തിയിരുന്നത്. മറ്റു ഭാഗങ്ങള്‍ക്ക് കാര്യമായി കേടില്ല. ഇന്ധന ചോർച്ചയുമുണ്ടായിരുന്നില്ല. പോസ്റ്റ്‌മോർട്ടത്തില്‍ സോനയുടെ ശരീരത്തില്‍ പെട്രോള്‍ അംശം കണ്ടെത്തിയിരുന്നു. പെട്രോളൊഴിച്ച്‌ ആത്മഹത്യയ്ക്ക് ചെയ്യുന്നതിനൊപ്പം രജിൻലാലിനെ അപായപ്പെടുത്തുകയാണോ സോനയുടെ ലക്ഷ്യമെന്നുളള അന്വേഷണത്തിലാണ് പൊലീസ്. എന്നാല്‍ സോനയെ രജിൻലാല്‍ അപകടപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഏഴ് വരെ സോന മാതൃസഹോദരിയുടെ വീട്ടിലുണ്ടായിരുന്നു. രജിൻലാലിന്റെ പീഡനത്തെ പറ്റി മാതൃസഹോദരിയുടെ മകളോട് പറഞ്ഞിരുന്നതായും വിവരമുണ്ട്. വൈകിട്ട് മാതൃസഹോദരിയുടെ മകളുമൊന്നിച്ച്‌ ടൗണില്‍ പോയിരുന്നു. സാധനങ്ങള്‍ വാങ്ങുന്നതിനിടെ കുറച്ചുസമയം സോനയെ കാണാതായി. അപ്പോഴായിരിക്കാം പെട്രോള്‍ വാങ്ങിയതെന്നാണ് സംശയം. വൈകിട്ട് മാതൃസഹോദരിയുടെ വീട്ടില്‍ നിന്നാണ് രജിൻലാല്‍ സോനയെ വിളിച്ച്‌ ആശുപത്രിയില്‍ കൊണ്ടുപോയത്.

Post a Comment

Previous Post Next Post
Join Our Whats App Group