രക്തം പുരണ്ട തൂവാല കാണാനില്ല ; ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ്
കണ്ണൂർ: തലശ്ശേരി ഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി. കേസിലെ നിർണായക തെളിവായ ഫസലിന്റെ രക്തം പുരണ്ട തൂവാലയാണ് കാണാതായത്.
കഴിഞ്ഞ ദിവസം നടന്ന കേസിന്റെ വിസ്താരത്തിനിടെ തൂവാല ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂവാല കാണാനില്ലെന്ന് അറിഞ്ഞത്.
സീല്‍ ചെയ്ത കവറിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. തൂവാല കാണാനില്ലെന്നും എലി കരണ്ടതായും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാണ് തൂവാല കാണാതായതെന്ന് കൂടുതല്‍ പരിശോധിക്കേണ്ടതായി ഉണ്ടെന്നാണ് സിബിഐ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഫസല്‍ വധത്തിന് ശേഷം പ്രതികള്‍ രക്തംപുരണ്ട ഈ തൂവാല മറ്റൊരിടത്ത് കൊണ്ട് ഇട്ടിരുന്നു. അന്വേഷണം വഴിതെറ്റിക്കാനാണ് ഇങ്ങനെ ചെയ്തത്. ഈ തൂവാല ആദ്യം കണ്ടയാളുടെ സാക്ഷിവിസ്താരം നടത്തുന്നതിനിടെയാണ് തൂവാല നഷ്ടമായെന്ന് സിബിഐ കോടതിയെ അറിയിച്ചത്.
2006 ഒക്ടോബർ 22നാണ് തലശ്ശേരിയില്‍ മുഹമ്മദ് ഫസല്‍ എന്ന എൻഡിഎഫ് പ്രവർത്തകൻ കൊലചെയ്യപ്പെടുന്നത്. തലശ്ശേരി സെയ്ദാർ പള്ളിക്കുസമീപം നോമ്പ് ദിവസം പുലർച്ചെയാണ് സ്ഥലത്തെ പത്രവിതരണക്കാരൻ കൂടിയായ ഫസല്‍ കൊല്ലപ്പെടുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം നടത്തുന്ന ആദ്യത്തെ കേസ് കൂടിയായിരുന്നു ഫസല്‍ വധക്കേസ്. ഫസല്‍ വധക്കേസില്‍ കണ്ണൂരിലെ സിപിഎം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരുള്‍പ്പെടെ എട്ടു സിപിഎമ്മുകാരെ പ്രതി ചേർത്തായിരുന്നു സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
إرسال تعليق