'നീ സൂക്ഷിച്ചോ, നിന്റെ നാറിയ കഥകള്‍ ലോകം അറിയാന്‍ പോകുന്നു; നിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാന്‍ കുറച്ചു നാളുകള്‍ മാത്രം; ഞങ്ങള്‍ ഭരണത്തില്‍ വരില്ലെന്ന് നീ വിചാരിച്ചോ?; പോലീസുകാരന്റെ ബൈക്ക് കത്തിച്ച ശേഷം അന്വേഷണം വഴിതിരിച്ചു വിടാന്‍ യുവതികള്‍ ഊമക്കത്തെഴുതിയത് അങ്ങനെ; രാഷ്ട്രീയ വൈരമെന്ന് കരുതിയ കേസില്‍ ഒടുവില്‍ വമ്പന്‍ ട്വിസ്റ്റും!
കൊല്ലം: അഞ്ചലില്‍ സിവില്‍ പോലീസ് ഓഫീസറുടെ ബുള്ളറ്റ് കത്തിച്ച സംഭവത്തില്‍ അന്വേഷണം തങ്ങളിലേക്ക് വരാതിരിക്കാന്‍ യുവതികള്‍ ശ്രമിച്ചത് സമര്‍ത്ഥമായി.
ബൈക്ക് കത്തിക്കല്‍ സംഭവം രാഷ്ട്രീയ വൈരാഗ്യത്താലാണെന്ന് വരുത്തിതീര്‍ക്കാനാണ് ഇവര്‍ ശ്രമിച്ചത്. ഇതിന് വേണ്ടി ആസൂത്രണമെല്ലാം നടത്തിയിരുന്നു. ആറന്മുള സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വിവേകിന്റെ ബൈക്കാണ് കത്തിച്ചത്.
ബൈക്ക് കത്തിച്ച ശേഷം വീടിന്റെ ഭിത്തിയില്‍ കരി ഓയിലും ഒഴിച്ചു. അന്വേഷണം വഴി തിരിച്ചുവിടാന്‍ വീട്ടില്‍ ഊമക്കത്തും എഴുതി വെച്ചിരുന്നു- ഇതില്‍ തങ്ങളിലേക്ക് അന്വേഷണം വരില്ലെന്ന് ഉറപ്പിക്കുന്ന വിധത്തിലായിരുന്നു യുവതികളുടെ നീക്കങ്ങള്‍. 'നീ സൂക്ഷിച്ചോ, നിന്റെ നാറിയ കഥകള്‍ ലോകം അറിയാന്‍ പോകുന്നു. നിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാന്‍ കുറച്ചു നാളുകള്‍ മാത്രം. ഞങ്ങള്‍ ഭരണത്തില്‍ വരില്ലെന്ന് നീ വിചാരിച്ചോ. നീ കുറച്ച് നാള്‍ ലീവെടുത്തതുള്‍പ്പെടെ നിന്റെ അടൂര്‍ ക്യാമ്പിലെ ഓരോ ചലനവും ഞങ്ങളറിയും. നീ ആ കോളേജിലിട്ട് ഞങ്ങടെ പിള്ളാരെ തൊട്ടത് ഞങ്ങള്‍ മറക്കില്ല' - എന്നെല്ലാമാണ് കത്തിലെ ഭീഷണികള്‍.
ഇതോടെ പോലീസും കരുതി രാഷ്ട്രീയ വൈരാഗ്യമാകുമെന്ന്. അന്വേഷണം പുരോഗിച്ചതോടെയാണ് വഴിത്തിരിവ് ഉണ്ടായത്. സംഭവത്തില്‍ ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമാണ് ബൈക്ക് കത്തിക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.
പോലീസ് കസ്റ്റഡിയിലിരിക്കേ, എലിവിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച മുഖ്യപ്രതി ആരതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കയാണ്. ബൈക്ക് കത്തിച്ചത് ആരെന്ന് കണ്ടെത്താന്‍ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും ചിത്രങ്ങള്‍ക്കു വ്യക്തത കിട്ടാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. യുവതികളെത്തിയ ഓട്ടോറിക്ഷ കണ്ടെത്തുകയും ഗൂഗിള്‍ പേ വഴി ഓട്ടോഡ്രൈവര്‍ക്ക് പണം കൊടുത്തതിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
ഇവരുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പിന്നീട് സാങ്കേതികവിദ്യയുപയോഗിച്ച് ഇവരുടെ ചിത്രങ്ങള്‍ തയ്യാറാക്കി. ഓട്ടോഡ്രൈവര്‍ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇതോടെയാണ് അറസ്റ്റിലായ ആരതിയും വിവേകുമായുള്ള വിവാഹനിശ്ചയം നടന്നിരുന്നു. പിന്നീട് ചില കാരണങ്ങളാല്‍ വിവാഹം മുടങ്ങി. ഇതിന്റെ വൈരാഗ്യത്തിലാണ് യുവതികള്‍ ബൈക്ക് കത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ശനിയാഴ്ച ആര്‍ച്ചലിലെത്തിയ ഇവര്‍, അവിടത്തെ ലൈബ്രറിക്കു സമീപം ഒളിച്ചിരുന്നു. രാത്രി വിവേകിന്റെ വീട്ടുമുറ്റത്തെത്തി ബൈക്ക് കത്തിക്കുകയായിരുന്നു. ഭീഷണിക്കത്തും ഒപ്പം വെച്ചു. വീടിന്റെ പടികളില്‍ കരിയോയിലും ഒഴിച്ചു. കത്തില്‍ ഒരു വിദ്യാര്‍ഥിസംഘടനയുടെ പേര് എഴുതിയിരുന്നത് കേസ് വഴിതിരിച്ചുവിടാന്‍വേണ്ടിയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്കു ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Post a Comment