Join News @ Iritty Whats App Group

കോക്രോച് ജനതാ പാർട്ടി സ്ഥാപകൻ കേന്ദ്രസർക്കാരിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു; എക്‌സ് ഹാൻഡിൽ പുനഃസ്ഥാപിക്കണമെന്ന് ഹർജി

കോക്രോച് ജനതാ പാർട്ടി സ്ഥാപകൻ കേന്ദ്രസർക്കാരിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു; എക്‌സ് ഹാൻഡിൽ പുനഃസ്ഥാപിക്കണമെന്ന് ഹർജി


ദില്ലി: സോഷ്യൽ മീഡിയയിൽ തരംഗമായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ അഭിജീത് ദിപ്‌കെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകളോട്' ഉപമിച്ചു എന്ന രീതിയിൽ പ്രചരിച്ച പരാമർശത്തിന് പിന്നാലെയാണ് ഈ പരിഹാസ കൂട്ടായ്മ രൂപീകരിച്ചത്. എന്നാൽ വ്യാജ ബിരുദം സമ്പാദിക്കുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സിജെപി എന്ന സോഷ്യൽ മീഡിയയിൽ ട്രെൻ്റിങ് ആയി മാറിയ കൂട്ടായ്മക്ക് അഭിജീത്ത് ദീപ്കെ രൂപം കൊടുത്തത്.

തൊഴിലില്ലായ്മ, നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയ പരിഹാസങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ഈ കൂട്ടായ്മ വലിയ ശ്രദ്ധ നേടിയിരുന്നു. പക്ഷെ ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെത്തുടർന്ന് ഐടി ആക്ട് സെക്ഷൻ 69(A) പ്രകാരമാണ് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പിൻവലിക്കാൻ ഉത്തരവിട്ടത്. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നാണ് സർക്കാർ വാദം. രാഷ്ട്രീയ പരിഹാസങ്ങളെ ഭരണകൂടത്തിന് നേരിടാൻ കഴിയില്ലെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഹർജിയിൽ ഈ കൂട്ടായ്മയുടെ സ്ഥാപകനായ അഭിജീത് ദീപ്കെ പറയുന്നു.

എക്‌സ് അക്കൗണ്ടിന് പുറമെ തങ്ങളുടെ വെബ്‌സൈറ്റും ഇൻസ്റ്റഗ്രാം പേജും തടഞ്ഞതായും ഹാക്കർമാരുടെ ആക്രമണം നേരിട്ടതായും ബോസ്റ്റണിൽ താമസിക്കുന്ന അഭിജീത് ദിപ്‌കെ ഹർജിയിൽ ആരോപിക്കുന്നു. അതേസമയം, കോക്രോച്ച് ജനതാ പാർട്ടിയുടെ ക്യാമ്പയിനെതിരെയുള്ള മറ്റൊരു ഹർജി പരിഗണിക്കുന്നതിനിടെ, ഇത്തരം വിഷയങ്ങളെ അമിത വികാരത്തോടെ സമീപിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. പത്ത് ലക്ഷത്തോളം അംഗങ്ങൾ സിജെപിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തതായും ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായിരുന്നതായും അഭിജീത് ദീപ്കെ അവകാശപ്പെടുന്നു. കേസ് ഉടൻ തന്നെ ഡൽഹി ഹൈക്കോടതി പരിഗണിച്ചേക്കും.

Post a Comment

Previous Post Next Post
Join Our Whats App Group