മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ കെ. സുധാകരന്റെ വസതിയില്‍ ഡിസിസി നേതാക്കളുടെ സന്ദര്‍ശനം; സാധാരണ സന്ദര്‍ശനമെന്ന് വിശദീകരണം
കണ്ണൂർ: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ച അന്തിമഘട്ടത്തിലേക്ക് കടക്കവെ, കെ. സുധാകരന്റെ കണ്ണൂരിലെ വസതിയിലെത്തി നേതാക്കള്‍.
ഡിസിസി ജനറല്‍ സെക്രട്ടറി വി.ആർ. ഭാസ്‌കർ, കൂടാളി മണ്ഡലം പ്രസിഡന്റ് ശ്രീപ്രസാദ് എന്നിവരാണ് ഇന്ന് സുധാകരനെ കാണാനെത്തിയത്.
സന്ദർശനത്തില്‍ രാഷ്ട്രീയ പ്രാധാന്യമില്ലെന്നും സാധാരണ കൂടിക്കാഴ്ച മാത്രമാണിതെന്നുമാണ് നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പരസ്യമായി പിന്തുണച്ച നേതാവാണ് കെ. സുധാകരൻ.
"സാധാരണ പോലെ സുധാകരനെ കാണാൻ എത്തിയതാണ്, ഇന്നും അതില്‍ മാറ്റമൊന്നുമില്ല" എന്ന് നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, തന്നെ അനുകൂലിക്കുന്നവരുടെ ഒരു യോഗം ഇന്ന് സുധാകരൻ വീട്ടില്‍ വിളിച്ചുചേർത്തിരുന്നു. എന്നാല്‍, ഹൈക്കമാൻഡ് അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതോടെ ഈ യോഗം മാറ്റിവെക്കുകയായിരുന്നു.
മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെ.പി.സി.സി അധ്യക്ഷന്മാരെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെ മുരളീധരന്‍, എം എം ഹസ്സന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍ എന്നിവരെയാണ് വിളിപ്പിച്ചത്. കെ സുധാകരന്‍ ഇന്ന് രാത്രി ഡല്‍ഹിയിലേക്ക് പോകും. കെ മുരളീധരനും എ. എം ഹസ്സനും നാളെ രാവിലെ ഡല്‍ഹിയിലേക്ക് തിരിക്കും. ഇവരുമായി നേതൃത്വം നാളെ കൂടിക്കാഴ്ച്ച നടത്തും.
മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ തീരുമാനവും നിര്‍ണായകമാകും. ആന്റണിയുടെ നിര്‍ദ്ദേശപ്രകാരമാണ് മുന്‍ കെ.പി.സി.സി അധ്യക്ഷന്മാരെ കൂടി ഉള്‍പ്പെടുത്തി വിപുലമായ ചര്‍ച്ച നടത്താന്‍ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കാഗാന്ധിയുമായും എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചര്‍ച്ച നടത്തിയിരുന്നു.
കെ.സി. വേണുഗോപാലിന്റെ പേരിനാണ് മുന്‍തൂക്കം ലഭിക്കുന്നതെന്ന വാര്‍ത്തകള്‍ക്കിടെയാണ് ചര്‍ച്ചകള്‍ കൂടുതല്‍ വിപുലമാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.
ഭരണപരമായ സൗകര്യം കണക്കിലെടുത്ത് ഉപമുഖ്യമന്ത്രി പദം വേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. ഗ്രൂപ്പ് സമവാക്യങ്ങള്‍ നോക്കാതെ ഏകശിലാ രൂപത്തിലുള്ള ഭരണത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം കോണ്‍ഗ്രസിന് നല്‍കുന്നതായി ഘടകകക്ഷികള്‍ അറിയിച്ചു കഴിഞ്ഞു. കെ.സി. വേണുഗോപാലിന്റെ കാര്യത്തില്‍ യു.ഡി.എഫിലെ മറ്റു പാര്‍ട്ടികള്‍ക്കും വലിയ എതിര്‍പ്പില്ല.
നിയമസഭാ കക്ഷി യോഗം വിളിച്ച് തിരുവനന്തപുരത്ത് വെച്ച് പ്രഖ്യാപിക്കണോ അതോ ഡല്‍ഹിയില്‍ വെച്ച് എ.ഐ.സി.സി നേരിട്ട് പ്രഖ്യാപിക്കണോ എന്ന കാര്യത്തില്‍ മാത്രം ഇനി തീരുമാനമാകാനുണ്ട്. മറ്റു നേതാക്കളെ അനുനയിപ്പിക്കാനായി ഉപമുഖ്യമന്ത്രി പദവികള്‍ നല്‍കുന്ന രീതി ഇത്തവണ ഉണ്ടാവില്ലെന്ന് ഹൈക്കമാന്‍ഡ് ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു.
Post a Comment