കേരളത്തിലെ നിലവിലെ സാഹചര്യം ധരിപ്പിക്കും, വി.ഡി. സതീശന്‍-അമിത് ഷാ കൂടിക്കാഴ്ച വൈകീട്ട്
ദില്ലി: മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കൂടിക്കാഴ്ച അഞ്ചരക്ക് നടക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ നിലവിലെ സാഹചര്യം വ്യക്തമാക്കിയേക്കും. വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. വി ഡി സതീശൻ ഇപ്പോൾ കേരളഹൗസിൽ വിശ്രമിക്കുകയാണെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. 20 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും വി ഡി സതീശന്‍ കണ്ടു. ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി മടങ്ങും. കൂടിക്കാഴ്ചയിൽ കേളത്തിന്‍റെ വികസനം ചർച്ചയായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
വിവിധ പദ്ധതികളുടെ നടത്തിപ്പിന് സർക്കാരിന് കേന്ദ്ര സഹായം ആവശ്യമാണ്. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങി കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട നിരവധി പദ്ധതികളുണ്ട്. ഇത്തരം പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്‍റെ പിന്തുണ ഉറപ്പാക്കുകയാണ് കൂടിക്കാഴ്ചയ്ക്ക് പിന്നിലെ പ്രധാന ദൗത്യം
Post a Comment