'ഞാൻ സഖാവാണ്, പറഞ്ഞ വാക്ക് പാലിക്കും'; തോറ്റപ്പോള്‍ തലമൊട്ടയടിച്ച് എട്ട് വയസ്സുകാരൻ, വീഡിയോ കോളുമായി എം.വി. ഗോവിന്ദൻ
മലപ്പുറം: സോഷ്യല്‍മീഡിയയില്‍ വൈറലാണ് മലപ്പുറം തിരൂരിലെ എട്ട് വയസ്സുകാരൻ ഷഹാന്‍. എല്‍ഡിഎഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന വാക്കുപാലിച്ചതോടെയാണ് വൈറലായത്.
തിരൂരിലെ സ്ഥാനാർഥി വി. അബ്ദുറഹ്മാന്റെ വിജയിക്കുമെന്ന് പറഞ്ഞാണ് പിതാവിനോട് പന്തയം വെച്ചത്. എന്നാല്‍, തോറ്റതോടെ ഫാമിലി വാട്സ് ആപ് ഗ്രൂപ്പുകളിലടക്കം പന്തയം ചർച്ചയായി. ഇതോടെ മൊട്ടയടിയ്ക്കാൻ തീരുമാനിച്ചു. പിതാവ് വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി. ഞാൻ സഖാവാണ് വാക്ക് പാലിക്കുമെന്നും തോറ്റാലും പാർട്ടി മാറില്ലെന്നും കുട്ടി തറപ്പിച്ച് പറഞ്ഞു. നാട്ടിലെ കുട്ടി സഖാക്കളുടെ നേതാവാണ് ഷഹാദ്. കഴിഞ്ഞ തദ്ദേശത്തിലും എല്‍ഡിഎഫിനായി ഇവർ പ്രചരണത്തിനിറങ്ങി.
വാർഡില്‍ തോറ്റതോടെ അവസാനിപ്പിക്കുമെന്ന് കുടുംബം കരുതിയെങ്കിലും അവർക്ക് തെറ്റി. വർധിത വീര്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായി. പാർട്ടി തിരിച്ചുവരുമെന്നും തോറ്റാലും ജയിച്ചാലും പാർട്ടിക്കൊപ്പമുണ്ടാകുമെന്നും കുട്ടി സഖാവ് പറയുന്നു. ഈ വാക്കുകള്‍ സിപിഎമ്മിന്റെ നേതാക്കള്‍ വരെ ഏറ്റെടുത്തിരിക്കുകയാണ്. എംഎല്‍എ വിജിനടക്കമുള്ളവർ വീഡിയോ പങ്കുവെക്കുകയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് വിളിക്കുകയും ചെയ്തു. ബാലസംഘം ഭാരവാഹികളും സിപിഎം ഏരിയാ കമ്മിറ്റി അംഗം സഖാവ് യു. സൈനുദ്ദീനും നേരിട്ടെത്തി ഈ കൊച്ചു സഖാവിനെ കാണുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.
إرسال تعليق