ഒരു പ്ളാറ്റ്ഫോമിലും ഇപ്പോൾ നിയന്ത്രണമില്ല, കോക്റോച്ച് ജനത പാർട്ടി വെബ്സൈറ്റ് കേന്ദ്രം മരവിപ്പിച്ചെന്ന് അഭിജിത് ദിപ്കെ
ദില്ലി : കോക്റോച്ച് ജനത പാർട്ടിയുടെ വെബ്സൈറ്റ് കേന്ദ്ര സർക്കാർ മരവിപ്പിച്ചെന്ന് സ്ഥാപകൻ അഭിജിത് ദിപ്കെ. വെബ്സൈറ്റ് അടക്കം സർക്കാർ പൂർണ്ണമായി മരവിപ്പിച്ചതോടെ തങ്ങളുടെ പ്രധാന ആശയവിനിമയ മാർഗ്ഗങ്ങളും രാഷ്ട്രീയ ക്യാമ്പെയിനുകളും തടസ്സപ്പെടുകയും പാർട്ടിയുടെ പ്രവർത്തനം പൂർണ്ണമായും വഴിമുട്ടുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. പത്തു ലക്ഷം പേർ അംഗങ്ങളായി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ വെബ്സൈറ്റ് അടക്കം സർക്കാർ മരവിപ്പിച്ചതോടെ പ്രവർത്തനം വഴിമുട്ടി.
കോക്ക്റോച്ച് ജനതാ പാർട്ടി എന്ന പേരിൽ തുടങ്ങിയ ആക്ഷേപ ഹാസ്യ അക്കൗണ്ടുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ഇടപെടൽ ഈ അക്കൗണ്ടുകൾക്ക് പിന്നിലുണ്ടെന്ന് സംശയിക്കണമെന്നും ഐബി കേന്ദ്ര സർക്കാരിനെ അറിയിച്ചെന്നാണ് സൂചന. ഇതിൻറെ അടിസ്ഥാനത്തിലാണ് കോക്ക്റോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ട് വിലക്കിയത്. ഐബി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഐടി മന്ത്രാലയമാണ് അക്കൗണ്ട് വിലക്കാനുള്ള നിർദ്ദേശം എക്സിന് നലകിയത്. ഇൻസ്റ്റ അക്കൗണ്ടും തടയാനാണ് സാധ്യത. രണ്ട് കോടി ഫോളോവേഴ്സാണ് ഇൻസ്റ്റ അക്കൗണ്ടിനുള്ളത്. വിലക്കിയ എക്സ് അക്കൗണ്ടിനു പകരം തുടങ്ങിയ കോക്ക്റോച്ച് ഈസ് ബാക്ക് എന്ന ഹാൻഡിലിനും ഒന്നരലക്ഷം വരിക്കാരായി. ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണം എന്ന പ്രചാരണം ഈ ഹാൻഡിൽ തുടങ്ങിയിരുന്നു.
ആം ആദ്മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റും ബോസ്റ്റൺ സർവകലാശാലയിലെ വിദ്യാർത്ഥിയുമായ അഭിജീത് ദിപ്കെ മെയ് 16-നാണ് കോക്റോച്ച് ജനത പാർട്ടി എന്ന പേരിൽ ആക്ഷേപഹാസ്യ കൂട്ടായ്മ സോഷ്യൽ മീഡിയയിൽ തുടങ്ങിയത്. മെയ് 15-ന് സുപ്രീം കോടതിയിലെ ഒരു വാദത്തിനിടെ, ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ "പാറ്റകളോട്" ഉപമിച്ചിരുന്നു. ഈ പരാമർശമാണ് പ്രതിഷേധ കൂട്ടായ്മയുടെ രൂപീകരണത്തിന് കാരണമായത്. ഈ പരാമർശത്തോടുള്ള ജനപ്രതിഷേധമായാണ് 'കോക്രോച്ച് ജനതാ പാർട്ടി' രൂപംകൊണ്ടത്.
Post a Comment