Join News @ Iritty Whats App Group

ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും; ഇന്ത്യൻ തീർഥാടകർ മുഴുവൻ മക്കയിലെത്തി, രാത്രിയോടെ മിനായിലേക്ക് നീങ്ങും

ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും; ഇന്ത്യൻ തീർഥാടകർ മുഴുവൻ മക്കയിലെത്തി, രാത്രിയോടെ മിനായിലേക്ക് നീങ്ങും


മക്ക: ആഗോള മുസ്ലിം സമൂഹത്തിൻ്റെ പുണ്യനഗരമായ മക്കയിൽ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും ഇതിനകം മക്കയിൽ എത്തിച്ചേർന്നിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള അവസാന വിമാനം ബംഗളൂരുവിൽ നിന്നാണ് മക്കയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരെ 17 എംബാർക്കേഷൻ കേന്ദ്രങ്ങളിൽ നിന്നായി 34 ദിവസം നീണ്ടുനിന്ന വ്യോമ സർവീസിലൂടെയാണ് മക്ക, ജിദ്ദ വഴി പുണ്യഭൂമിയിൽ എത്തിച്ചത്. ഇതിനായി എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ 130-തോളം സർവിസുകൾ നടത്തി. ലോകമെമ്പാടുമുള്ള 160-ലധികം രാജ്യങ്ങളിൽനിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികളാണ് ഇപ്പോൾ മക്കയിൽ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഹജ്ജ് കണക്കുകൾ ചുരുക്കത്തിൽ
ആകെ ഇന്ത്യൻ തീർഥാടകർ: 1,75,025 പേർ
ഹജ്ജ് കമ്മിറ്റി വഴി എത്തിയവർ: 1,22,000 പേർ
സ്വകാര്യ ഗ്രൂപ്പുകൾ വഴി എത്തിയവർ: 53,025 പേർ
കേരളത്തിൽ നിന്നുള്ള ഹാജിമാർ: 13,194 പേർ
ഞായറാഴ്ച രാത്രി മുതൽ മിനായിലേക്ക്; ചൊവ്വാഴ്ച അറഫാ സംഗമം

തീർഥാടകരുടെ വൻ തിരക്ക് പരിഗണിച്ച് ഞായറാഴ്ച രാത്രിയോടെ തന്നെ ഹാജിമാരെ മിനായിലേക്ക് മാറ്റിത്തുടങ്ങും. ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കുന്ന പ്രത്യേക ബസുകളിലാണ് തീർഥാടകരെ മിനായിലെ തമ്പുകളിൽ എത്തിക്കുക. തിങ്കളാഴ്ച ഉച്ചയോടെ മുഴുവൻ ഹാജിമാരും മിനായിൽ പ്രവേശിക്കും.

തുടർന്ന് തിങ്കളാഴ്ച ഇഷാ നമസ്കാരത്തിന് ശേഷം തീർഥാടകരെ ഹജ്ജിെൻറ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി കൊണ്ടുപോയിത്തുടങ്ങും. മഷാഇർ മെട്രോ വഴിയോ ബസ് മാർഗമോ ആണ് അറഫയിലേക്കുള്ള യാത്ര. ചൊവ്വാഴ്ചയാണ് പുണ്യകരമായ അറഫാ ദിനം. ചൊവ്വാഴ്ച ഉച്ചയോടെ ഇന്ത്യൻ ഹാജിമാർ ഉൾപ്പെടെയുള്ള ആഗോള ജനസഞ്ചയം അറഫാ മൈതാനിയിൽ സംഗമിക്കും.</p><p>ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് ശേഷം അറഫയിൽനിന്ന് പുറപ്പെടുന്ന തീർഥാടകർ, മക്കക്കും മിനക്കും ഇടയിലുള്ള മുസ്ദലിഫയിൽ രാപ്പാർക്കും.

ജംറയിലെ കല്ലേറ് (ദുൽഹജ്ജ് 10 - ബുധനാഴ്ച): ബുധനാഴ്ച പുലർച്ചെയോടെ ഹാജിമാർ വീണ്ടും ജംറയിലേക്ക് നീങ്ങും. ജംറയിലെ വലിയ സ്തൂപത്തിന് നേരെ ഏഴ് കല്ലുകൾ എറിയുകയും, തുടർന്ന് മുടി മുറിച്ച് ഇഹ്‌റാം ഒഴിവാകുന്നതോടെയും ഹജ്ജ് കർമങ്ങൾക്ക് അർദ്ധവിരാമമാകും.

ഇതിന് പിന്നാലെ ബലികർമം, കഅബയെ വലംവെക്കൽ (ത്വവാഫ്), സഫാ-മർവ കുന്നുകൾക്കിടയിലെ പ്രയാണം (സഈ) എന്നിവ ഹാജിമാർക്ക് പൂർത്തിയാക്കേണ്ടതുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ജംറകളിൽ കല്ലേറ് കർമം പൂർത്തിയാക്കി ഹാജിമാർ മിനാ തമ്പുകളിൽ തന്നെ കഴിച്ചുകൂട്ടും. ശനിയാഴ്ചയോടെ ഹജ്ജ് കർമങ്ങൾക്ക് പൂർണവിരാമമാകും. ഇന്ത്യൻ ഹജ്ജ് മിഷൻ്റെ പ്രത്യേക നിർദേശം: ഹജ്ജ് കർമങ്ങളിലെ ഏറ്റവും തിരക്കേറിയ ദിവസമാണ് ദുൽഹജ്ജ് 10 (ബുധനാഴ്ച). അതിനാൽ, കഅബ പരിക്രമണത്തിനായുള്ള വൻ തിരക്ക് കണക്കിലെടുത്ത് അവശരും രോഗികളുമായ തീർഥാടകർ ത്വവാഫും സഈയും ഹജ്ജിന്‍റെ ബാക്കി ദിവസങ്ങളിലേക്ക് മാറ്റിവെക്കണം.

ജാഗ്രതാ നിർദേശവുമായി അധികൃതർ

ഇത്തവണ പുണ്യനഗരങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 44 ഡിഗ്രി മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഹാജിമാർ കടുത്ത ജാഗ്രത പാലിക്കണം. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിലേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കുട ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group