Join News @ Iritty Whats App Group

വാട്‌സ്ആപ്പിൽ ഇനി ഫോൺ നമ്പർ മറയ്ക്കാം; സ്വകാര്യതയ്ക്ക് പുതിയ കരുത്തായി യൂസർനെയിം ഫീച്ചർ, എങ്ങനെ സെറ്റ് ചെയ്യാം?

വാട്‌സ്ആപ്പിൽ ഇനി ഫോൺ നമ്പർ മറയ്ക്കാം; സ്വകാര്യതയ്ക്ക് പുതിയ കരുത്തായി യൂസർനെയിം ഫീച്ചർ, എങ്ങനെ സെറ്റ് ചെയ്യാം?


തിരുവനന്തപുരം: ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ഒരു സുപ്രധാന സ്വകാര്യതാ ഫീച്ചർ ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‍സ്ആപ്പ്. ഫോൺ നമ്പർ പങ്കുവയ്ക്കാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ കഴിയുന്ന “യൂസർനെയിം” സംവിധാനം വാട്‌സ്ആപ്പിൽ എത്തുന്നു. ടെലഗ്രാം, ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ കാണുന്ന രീതിയിലാണ് ഈ ഫീച്ചർ പ്രവർത്തിക്കുക. ഉപയോക്താക്കൾക്ക് സ്വന്തം ഫോൺ നമ്പറിന് പകരം ഒരു പ്രത്യേക യൂസർനെയിം പങ്കുവെച്ച് മറ്റുള്ളവർക്ക് മെസേജ് അയയ്ക്കാനും സ്വീകരിക്കാനും കഴിയും.

ഇതുവരെ വാട്‌സ്ആപ്പിൽ ആരെയെങ്കിലും ബന്ധപ്പെടാൻ ഫോൺ നമ്പർ നിർബന്ധമായിരുന്നു. അതിനാൽ വ്യക്തിപരമായ നമ്പർ അന്യർക്കും നൽകേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ പുതിയ അപ്ഡേറ്റോടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂസർനെയിം വഴി ഒരാളെ കണ്ടെത്തി ചാറ്റ് ആരംഭിക്കുമ്പോൾ ആ വ്യക്തിയുടെ മൊബൈൽ നമ്പർ കാണിക്കപ്പെടില്ല. പകരം അദേഹം തിരഞ്ഞെടുക്കുന്ന യൂസർനെയിം മാത്രമേ മറ്റ് ഉപയോക്താക്കൾക്ക് ദൃശ്യമാകൂ.

വാട്‌സ്ആപ്പ് യൂസർനെയിം സംവിധാനം നിർബന്ധിതമല്ലെന്നതാണ് മറ്റൊരു പ്രത്യേകത. നിലവിലുള്ള രീതിയിൽ ഫോൺ നമ്പർ ഉപയോഗിച്ച് തന്നെ അക്കൗണ്ട് തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിന് തടസമുണ്ടാകില്ല. യൂസർനെയിം വേണമെങ്കിൽ മാത്രം സജ്ജമാക്കാം. ഇതോടെ സ്വകാര്യത കൂടുതൽ ആഗ്രഹിക്കുന്നവർക്കും ബിസിനസ് ആവശ്യങ്ങൾക്കായി അന്യരുമായി ഇടപഴകുന്നവർക്കും പുതിയ സംവിധാനം ഏറെ സഹായകരമാകും.

യൂസർനെയിം എങ്ങനെ സജ്ജമാക്കാം?

പുതിയ ഫീച്ചർ ലഭ്യമായാൽ ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ യൂസർനെയിം സജ്ജീകരിക്കാം. ആദ്യം ആൻഡ്രോയിഡ് ഫോണിലോ ഐഫോണിലോ വാട്‌സ്ആപ്പ് തുറക്കണം. തുടർന്ന് സെറ്റിംഗ്‍സ് മെനുവിലേക്ക് പ്രവേശിക്കണം. ആൻഡ്രോയ്‌ഡിൽ സ്ക്രീനിന്‍റെ മുകളിലെ വലത് കോണിലുള്ള മൂന്ന്-ഡോട്ട് ഐക്കണിൽ ടാപ്പ് ചെയ്‌ത് സെറ്റിംഗ്‍സ് തിരഞ്ഞെടുക്കാം. ഐഫോണിൽ താഴെയുള്ള സെറ്റിംഗ്‍സ് ടാബിലാണ് ഈ ഓപ്ഷൻ ലഭിക്കുക.

ശേഷം പ്രൊഫൈൽ നെയിമിൽ ടാപ്പ് ചെയ്‌ത് അക്കൗണ്ട് വിശദാംശങ്ങളിലേക്ക് കടക്കണം. അവിടെ യൂസർനെയിം എന്ന പുതിയ ഓപ്ഷൻ ലഭിക്കും. അതിൽ ടാപ്പ് ചെയ്‌ത് ഇഷ്‌ടമുള്ള യൂസർനെയിം നൽകാം. യൂസർനെയിം തിരഞ്ഞെടുക്കുമ്പോൾ ചില നിർദ്ദിഷ്‌ട നിയമങ്ങൾ പാലിക്കണം.

യൂസർനെയിം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യൂസർനെയിം മൂന്ന് മുതൽ 35 വരെ അക്ഷരങ്ങൾ ഉൾക്കൊള്ളണം എന്ന് വാട്‌സ്ആപ്പ് നിർദ്ദേശിക്കുന്നു. അതിൽ കുറഞ്ഞത് ഒരു ഇംഗ്ലീഷ് അക്ഷരം നിർബന്ധമായും ഉണ്ടായിരിക്കണം. അക്ഷരങ്ങൾ, അക്കങ്ങൾ, അണ്ടർസ്കോർ (_) എന്നിവയും പിരീഡ് (.) ചിഹ്നവും മാത്രം ഉപയോഗിക്കാനാകും.

അതേസമയം, ചില നിയന്ത്രണങ്ങളും ഉണ്ടാകും. “www” എന്ന് തുടങ്ങുന്ന യൂസർനെയിമുകൾ അനുവദിക്കില്ല. യൂസർനെയിമിന്‍റെ തുടക്കത്തിലോ അവസാനത്തിലോ പിരീഡ് ഉപയോഗിക്കാൻ പാടില്ല. തുടർച്ചയായി രണ്ട് പിരീഡുകളും അനുവദിക്കില്ല. കൂടാതെ .com, .org, .in പോലുള്ള ഡൊമെയ്ൻ എക്സ്റ്റൻഷനുകളിൽ അവസാനിക്കുന്ന പേരുകളും നിരോധിച്ചേക്കും. ഉപയോക്താവ് ഒരു യൂസർനെയിം നൽകുന്നയുടൻ അതിന്‍റെ ലഭ്യത വാട്‌സ്ആപ്പ് സ്വമേധയാ പരിശോധിക്കും. പേര് ലഭ്യമാണെങ്കിൽ സേവ് അല്ലെങ്കിൽ ഡൺ ബട്ടൺ അമർത്തി അത് സ്ഥിരീകരിക്കാം. പിന്നീട് ഈ യൂസർനെയിം മറ്റുള്ളവരുമായി പങ്കുവെച്ച് ഫോൺ നമ്പർ നൽകാതെ തന്നെ ബന്ധപ്പെടാനാകും.

സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം

ഓൺലൈൻ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ആശങ്കകൾ വർധിക്കുന്ന സാഹചര്യത്തിലാണ് വാട്‌സ്ആപ്പ് ഈ മാറ്റം കൊണ്ടുവരുന്നത്. പ്രത്യേകിച്ച് അന്യരുമായി ഇടപഴകേണ്ടി വരുന്നവർക്ക് ഇത് ഏറെ ഗുണകരമാകും. ഓൺലൈൻ വിൽപ്പനക്കാരും വാങ്ങുന്നവരും, കമ്മ്യൂണിറ്റി ഗ്രൂപ്പുകളിലെ അംഗങ്ങളും, പുതിയ ബിസിനസ് കോൺടാക്റ്റുകളും ഇനി ഫോൺ നമ്പർ പങ്കുവയ്ക്കാതെ തന്നെ ആശയവിനിമയം നടത്താൻ കഴിയും.

ഇതിലൂടെ അനാവശ്യ കോളുകളും സ്പാം സന്ദേശങ്ങളും കുറയ്ക്കാനും സഹായമാകുമെന്നാണ് വിലയിരുത്തൽ. ഫോൺ നമ്പർ പുറത്തുവിടാതെ തന്നെ ആശയവിനിമയം നടത്താൻ കഴിയുന്നതിനാൽ വ്യക്തിപരമായ വിവരങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനും സാധിക്കും.

അക്കൗണ്ട് സൈന്‍-ഇന്‍ ചെയ്യാന്‍ നമ്പർ തുടരും

യൂസർനെയിം സംവിധാനം വന്നാലും ഉപയോക്താവിന്‍റെ ഫോൺ നമ്പർ പൂർണമായി ഒഴിവാക്കപ്പെടില്ല. അക്കൗണ്ട് സൈൻ-ഇൻ ചെയ്യുന്നതിനും റിക്കവറി ആവശ്യങ്ങൾക്കുമായി നമ്പർ ഇപ്പോഴും അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും. എന്നാൽ യൂസർനെയിം വഴി ബന്ധപ്പെടുന്ന ആളുകൾക്ക് ആ നമ്പർ കാണിക്കില്ല എന്നതാണ് പ്രധാന മാറ്റം. ഒരു അക്കൗണ്ടിന് ഒരു യൂസർനെയിം മാത്രമേ അനുവദിക്കൂ. എന്നാൽ പിന്നീട് വേണമെങ്കിൽ അത് മാറ്റാൻ സാധിക്കും. യൂസർനെയിം മാറ്റിയാലും പഴയ ചാറ്റുകളിലോ അക്കൗണ്ടിലോ യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഫീച്ചർ ലഭ്യമാകുന്നത് എപ്പോൾ?

വാട്‌സ്ആപ്പ് ഇതിനകം തന്നെ ചില ആൻഡ്രോയ്‌ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി യൂസർനെയിം ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിത്തുടങ്ങിയിട്ടുണ്ട്. 2026-ൽ കൂടുതൽ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫീച്ചർ ലഭ്യമായതിന് ശേഷം ഉപയോക്താക്കൾക്ക് തങ്ങളെ ഫോൺ നമ്പർ വഴിയോ യൂസർനെയിം വഴിയോ അല്ലെങ്കിൽ രണ്ടും ഉപയോഗിച്ചോ മറ്റുള്ളവർ കണ്ടെത്തണമെന്നത് തീരുമാനിക്കാൻ സാധിക്കും. സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ വാട്‌സ്ആപ്പിന്‍റെ ഈ നീക്കം വലിയ മാറ്റങ്ങൾക്ക് തുടക്കമാകുമെന്നാണ് ടെക് ലോകത്തിന്‍റെ വിലയിരുത്തൽ.

Post a Comment

أحدث أقدم
Join Our Whats App Group