Join News @ Iritty Whats App Group

കേന്ദ്രത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി വിജയ്, തമിഴ്നാടിന്‍റെ പോരാട്ടം തുടരും; 'നീറ്റ് പരീക്ഷാ രീതി പൂർണ്ണമായും നിർത്തലാക്കണം'

കേന്ദ്രത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി വിജയ്, തമിഴ്നാടിന്‍റെ പോരാട്ടം തുടരും; 'നീറ്റ് പരീക്ഷാ രീതി പൂർണ്ണമായും നിർത്തലാക്കണം'


ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എസ്‌. ജോസഫ് വിജയ്. നീറ്റ് പരീക്ഷാ രീതി പൂർണ്ണമായും നിർത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളാണ് ഈ പരീക്ഷാ റദ്ദാക്കലിലൂടെ തകർന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മെയ് മൂന്നിന് നടന്ന പരീക്ഷയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 1.4 ലക്ഷം പേരുൾപ്പെടെ രാജ്യത്തുടനീളം 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ചോദ്യപേപ്പർ ചോർന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിനെത്തുടർന്നാണ് കേന്ദ്രം പരീക്ഷ റദ്ദാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 2024-ലും സമാനമായ രീതിയിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായതും ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പരിഷ്കാരങ്ങൾ നിർദ്ദേശിച്ചിട്ടും വീണ്ടും വീഴ്ചകൾ ആവർത്തിക്കുന്നതും പരീക്ഷാ സംവിധാനത്തിന്‍റെ പരാജയമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ദേശീയതലത്തിലുള്ള ഇത്തരം പരീക്ഷാ നടത്തിപ്പിലെ ഘടനാപരമായ പിഴവുകൾക്കുള്ള തെളിവാണ് ഇതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

നീറ്റ് പരീക്ഷാ രീതി ഗ്രാമീണ മേഖലയിലുള്ളവർക്കും സർക്കാർ സ്കൂളുകളിൽ പഠിക്കുന്നവർക്കും തമിഴ് മീഡിയം വിദ്യാർത്ഥികൾക്കും വലിയ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഡോക്ടർ എന്ന സ്വപ്നത്തിന് നീറ്റ് തടസമാകുന്നു. അതിനാൽ, എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനം പന്ത്രണ്ടാം ക്ലാസ് മാർക്കിന്‍റെ അടിസ്ഥാനത്തിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് തമിഴ്‌നാട് സർക്കാർ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. നീറ്റിനെതിരായ തമിഴ്‌നാടിന്‍റെ ദീർഘകാല പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group