ആധാറില്‍ ഇക്കാര്യങ്ങള്‍ ഇനി ഒരിക്കല്‍ മാത്രമേ നടക്കൂ; ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും
ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നായി ഇന്ന് ആധാർ കാർഡ് മാറിക്കഴിഞ്ഞു. ബാങ്ക് ഇടപാടുകള്‍ മുതല്‍ സർക്കാർ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന് വരെ ആധാർ അത്യന്താപേക്ഷിതമാണ്.
എന്നാല്‍ പലപ്പോഴും ആധാറിലെ തെറ്റുകള്‍ തിരുത്താൻ ശ്രമിക്കുമ്പോഴാണ് പലരും ഇതിലെ കർശനമായ നിയമങ്ങളെക്കുറിച്ച് അറിയുന്നത്. ആധാർ കാർഡിലെ എല്ലാ വിവരങ്ങളും നമുക്ക് എത്ര തവണ വേണമെങ്കിലും മാറ്റാൻ സാധിക്കില്ല. ദുരുപയോഗം തടയുന്നതിനായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഓരോ വിവരവും പുതുക്കുന്നതിന് കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ട്.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം മാറ്റാൻ കഴിയുന്നവ
ആധാർ കാർഡിലെ വിവരങ്ങളില്‍ ഏറ്റവും കർശനമായ നിയന്ത്രണമുള്ളത് ജനനത്തീയതിക്കും ലിംഗഭേദത്തിനുമാണ്.
ജനനത്തീയതി (Date of Birth): ആധാർ കാർഡിലെ ജനനത്തീയതി ഒരാള്‍ക്ക് തന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ മാറ്റാൻ അനുവാദമുള്ളൂ.
ലിംഗഭേദം (Gender): അതുപോലെ ലിംഗഭേദം സംബന്ധിച്ച വിവരങ്ങളും ഒരാള്‍ക്ക് ജീവിതത്തില്‍ ഒരു തവണ മാത്രമേ തിരുത്താൻ സാധിക്കൂ.
ഈ വിവരങ്ങള്‍ ഒരിക്കല്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നീട് തിരുത്തുക എന്നത് അതീവ സങ്കീർണമായ പ്രക്രിയയാണ്.
പേര് മാറ്റുന്നതിനുള്ള നിയന്ത്രണം
ആധാർ കാർഡിലെ പേര് മാറ്റുന്നതിനും യുഐഡിഎഐ നിശ്ചിത പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് തന്റെ പേര് ജീവിതത്തില്‍ രണ്ട് തവണ മാത്രമേ പുതുക്കാൻ കഴിയുകയുള്ളൂ. വിവാഹശേഷമോ മറ്റോ പേരില്‍ മാറ്റം വരുത്തുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ വീട്ടുപേരിലോ സർനെയിമിലോ മാറ്റങ്ങള്‍ വരുത്തുന്നതിന് നിലവില്‍ തടസങ്ങളില്ല.
നിയന്ത്രണമില്ലാതെ മാറ്റാൻ കഴിയുന്നവ
വിലാസം: നിങ്ങള്‍ താമസസ്ഥലം മാറുന്നതിനനുസരിച്ച് എത്ര തവണ വേണമെങ്കിലും വിലാസം പുതുക്കാവുന്നതാണ്.
മൊബൈല്‍ നമ്പറും ഇമെയിലും: നിങ്ങളുടെ ഫോണ്‍ നമ്പറോ ഇമെയില്‍ വിലാസമോ മാറുന്നുണ്ടെങ്കില്‍ അത് എത്ര തവണ വേണമെങ്കിലും അപ്‌ഡേറ്റ് ചെയ്യാം.
ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും
ആധാറിലെ ഫോട്ടോയും വിരലടയാളം, ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും എത്ര തവണ വേണമെങ്കിലും അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും. പ്രത്യേകിച്ച് കുട്ടികളുടെ ആധാറില്‍ 5 വയസ്സിലും 15 വയസ്സിലും ബയോമെട്രിക് വിവരങ്ങള്‍ നിർബന്ധമായും പുതുക്കേണ്ടതുണ്ട്. ഇത് സൗജന്യമായി ചെയ്യാവുന്നതാണ്.
പരിധി കഴിഞ്ഞാല്‍ എന്തുചെയ്യണം?
നിശ്ചിത പരിധി കഴിഞ്ഞും ഒരാള്‍ക്ക് പേരോ ജനനത്തീയതിയോ അനിവാര്യമായ കാരണങ്ങളാല്‍ മാറ്റണമെന്നുണ്ടെങ്കില്‍, അതിനായി പ്രത്യേക അനുമതി ആവശ്യമാണ്. അപേക്ഷകൻ മതിയായ രേഖകളുമായി യുഐഡിഎഐയുടെ റീജിയണല്‍ ഓഫീസിനെ നേരിട്ട് സമീപിക്കേണ്ടി വരും. ഇമെയില്‍ വഴിയോ തപാല്‍ വഴിയോ അപേക്ഷ സമർപ്പിക്കാം. ഇത്തരം അപേക്ഷകള്‍ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ച ശേഷം ബോധ്യപ്പെട്ടാല്‍ മാത്രമേ തിരുത്തലുകള്‍ അനുവദിക്കുകയുള്ളൂ.
Post a Comment