Join News @ Iritty Whats App Group

'ഇനി ബിജെപിയുടെ ലക്ഷ്യം പഞ്ചാബ്, ആയുധമാക്കുന്നത് കേന്ദ്ര ഏജൻസികളെ'; ആഞ്ഞടിച്ച് ഭഗവന്ത് മാൻ

'ഇനി ബിജെപിയുടെ ലക്ഷ്യം പഞ്ചാബ്, ആയുധമാക്കുന്നത് കേന്ദ്ര ഏജൻസികളെ'; ആഞ്ഞടിച്ച് ഭഗവന്ത് മാൻ


അമൃത്സര്‍: ബി.ജെ.പിക്കെതിരെ ഗുരുതരമായ ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. കേന്ദ്ര ഏജൻസികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബ് മന്ത്രിയും എം.എൽ.എയുമായ സഞ്ജീവ് അറോറയുടെ സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയതിനെതിരെയായിരുന്നു മാനിന്റെ പ്രതികരണം.

‘കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബി.ജെ.പിയുടെ പ്രവർത്തന രീതി പഞ്ചാബ് കാണുകയാണ്. ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ് എന്നിവയെല്ലാം ബി.ജെ.പിയുടെ ആയുധങ്ങളാണ്. ഇപ്പോൾ അവരുടെ ലക്ഷ്യം പഞ്ചാബാണ്. സഞ്ജീവ് അറോറയുടെ വീട്ടിൽ ഇപ്പോൾ ഇ.ഡി റെയ്ഡ് നടക്കുകയാണ്. ഇത്തരം ഭീഷണികൾക്ക് മുന്നിൽ പഞ്ചാബ് പേടിക്കില്ല. ഇ.ഡിയുടെ നടപടിയെ അപലപിക്കുന്നു'. മാധ്യമങ്ങളോട് സംസാരിക്കവെ ഭഗവന്ത് മാൻ പറഞ്ഞു. പഞ്ചാബിൽ വർഗീയ, വിദ്വേഷ രാഷ്ട്രീയം വിലപ്പോവില്ലെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്ത് ഹിന്ദു-സിഖ് സഹോദര്യം വളരെ ശക്തമാണെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ പഞ്ചാബിലെ നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാൾ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ മോദിജി പഞ്ചാബിൽ ദിവസവും ഇ.ഡി റെയ്ഡുകൾ തുടങ്ങിയെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പഞ്ചാബിനെ കേന്ദ്രം വല്ലാതെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പഞ്ചാബിന്റെ വെള്ളം തട്ടിയെടുക്കാൻ നോക്കി, പഞ്ചാബ് യൂണിവേഴ്സിറ്റി പിടിച്ചെടുക്കാൻ ശ്രമിച്ചു, ഗ്രാമവികസന ഫണ്ടുകൾ തടഞ്ഞുവെച്ചു, ഇപ്പോൾ നിർത്താതെയുള്ള ഇ.ഡി റെയ്ഡുകളും തുടങ്ങിയെന്ന് കെജ്രിവാൾ ആരോപിച്ചു.

‘അശോക് മിത്തലിന്റെ വീട്ടിൽ റെയ്ഡ് നടത്തി, തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ബി.ജെ.പിയിൽ ചേർത്തു. അപ്പോൾ പണം കണ്ടെത്തലായിരുന്നില്ല റെയ്ഡിന്റെ ലക്ഷ്യം. മറിച്ച്, അശോക് മിത്തലിനെ സമ്മർദ്ദത്തിലാക്കി പാർട്ടിയിൽ ചേർക്കുകയായിരുന്നു. കുറച്ച് ദിവസം മുൻപ് സഞ്ജീവ് അറോറയുടെ വീട്ടിലും റെയ്ഡ് നടന്നു. അദ്ദേഹം ബി.ജെ.പിയിൽ ചേരാത്തതുകൊണ്ടാണ് ഇപ്പോൾ വീണ്ടും റെയ്ഡ് നടത്തുന്നത്.’ കെജ്രിവാൾ പറഞ്ഞു.

അതേസമയം, 100 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് മന്ത്രി സഞ്ജീവ് അറോറയുടെ ഒന്നിലധികം സ്ഥലങ്ങളിൽ ശനിയാഴ്ച ഇ.ഡി റെയ്ഡ് നടത്തിയത്. കള്ളപ്പണ നിരോധന നിയമം (പി.എം.എൽ.എ) 2002 പ്രകാരം ദില്ലി, ഗുരുഗ്രാം, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്

Post a Comment

أحدث أقدم
Join Our Whats App Group