മുഖ്യമന്ത്രിയെ തീരുമാനിക്കുക കീഴ്വഴക്കങ്ങൾ പാലിച്ച്: ഇപ്പോളത്തെ ചർച്ചകൾക്ക് പിന്നിൽ ചിലമാധ്യമങ്ങലെന്ന് കെപിസിസി പ്രസിഡന്റ്
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ഭൂരിപക്ഷം ലഭിക്കുന്ന മുറയ്ക്ക് കോണ്ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുക പാർട്ടി കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും പാലിച്ചാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങളായി നടക്കുന്നത് അനവസരത്തിലുള്ള ചർച്ചയാണ്.
ചില മാധ്യമങ്ങളാണ് ഇതിന് വഴിയൊരുക്കിയത്. യുഡിഎഫ് നേതൃത്വം കണക്കുകൂട്ടിയതുപോലെയാകും സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുഫലം. യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും.
ഇത് ശരിവയ്ക്കുന്നതാണ് എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങളും. തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി യുഡിഎഫിന് ആവേശവും പ്രതീക്ഷയും നൽകുന്നതായിരുന്നു. ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടാൻ യുഡിഎഫിനു കഴിഞ്ഞു.
സംസ്ഥാനത്തിന്റെ പൊതുവായ നന്മയ്ക്കും ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടത്തിയ പ്രഖ്യാപനങ്ങൾ സമ്മതിദായകർ സ്വീകരിച്ചു. രാഹുൽഗാന്ധി പ്രഖ്യാപിച്ച ഗാരന്റികൾ ജനങ്ങൾ ഉൾക്കൊണ്ടു. പ്രതിപക്ഷ നേതാവ് നയിച്ച പുതുയുഗ യാത്രയ്ക്ക് അതിഗംഭീര സ്വീകരണമാണ് സംസ്ഥാന വ്യാപകമായി ലഭിച്ചത്.
ഒട്ടേറെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പിന് മുന്പും പിന്പും യുഡിഎഫ് നേരിട്ടു. വോട്ടർപ്പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പക്ഷപാതപരമായി പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിക്കൽ, സർക്കാരിന്റെ ഏകപക്ഷീയ നിലപാടുകൾ, അക്രമങ്ങൾ എന്നിവയെല്ലാം അതിജീവിച്ചാണ് യുഡിഎഫ് മുന്നോട്ടുപോയതെന്നും സണ്ണി ജോസഫ് പറഞ്ഞു. വിവാദ കത്ത് താൻ എഴുതിയതല്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
إرسال تعليق