വൈദ്യുത മീറ്ററിൽനിന്നു വാതിൽ പിടിയിൽ വൈദ്യുതി കടത്തിവിട്ടു; നെയ്യാറ്റിൻകരയിൽ അമ്മയേയും മക്കളെയും ഷോക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാതിൽ ലോക്കിൽ വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. രമ്യയെന്ന സ്ത്രീയുടെ വീട്ടിലാണ് സംഭവം.
വൈദ്യുത മീറ്ററില്‍ നിന്ന് വീടിന്റെ മുന്‍ഭാഗത്തെ വാതിലിന്റെ പിടിയിലേക്ക് വയര്‍ ഘടിപ്പിച്ച് ഷോക്കേല്‍പ്പിക്കാനുള്ള ശ്രമമാണ് നടന്നത്. അമ്മയും രണ്ടു മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്.രാവിലെ വാതിൽ തുറന്ന രമ്യയുടെ മൂത്ത മകൻ അലൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
വാതില്‍ പിടിയിൽ പിടിച്ച അലന് വൈദ്യുതാഘാതമേറ്റ് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വൈദ്യുത മീറ്ററില്‍നിന്ന് വയര്‍ വാതിലിന്റെ പിടിയില്‍ ചുറ്റിയിരിക്കുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
ഷോക്കേറ്റു വീണ പതിമൂന്നുകാരനായ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളും നാട്ടുകാരും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആരാണ് ചെയ്തതെന്ന് മനസിലായില്ല. ഇന്നലെ രാത്രി 12 വരെ തയ്യൽ ജോലി ചെയ്തിരുന്നുവെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നും രമ്യ പറഞ്ഞു.
ഭർത്താവുമായി നാല് വർഷമായി അകന്നു കഴിയുകയാണ് രമ്യ. മാരായമുട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment