Join News @ Iritty Whats App Group

രാജിവയ്ക്കാതെ മമത, ബംഗാൾ സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ; നിയമസഭയുടെ കാലാവധി കഴിഞ്ഞതിനാലുള്ള നടപടിയെന്ന് ലോക്ഭവൻ

രാജിവയ്ക്കാതെ മമത, ബംഗാൾ സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ; നിയമസഭയുടെ കാലാവധി കഴിഞ്ഞതിനാലുള്ള നടപടിയെന്ന് ലോക്ഭവൻ


കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ ആർ എൻ രവി. തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ മമത ബാനർജി കൂട്ടാക്കാതിരുന്ന സാഹചര്യത്തിലാണ് ഗവർണറുടെ നടപടി. നിയമസഭയുടെ കാലാവധി അവസാനിച്ചതിനാലാണ് പിരിച്ചുവിട്ടതെന്നാണ് ഗവർണറുടെ വിശദീകരണം. ബംഗാളിൽ ഫലം വന്ന് മൂന്നാം ദിവസവും സ്ഥാനം ഒഴിയാൻ മമത ബാനർജി തയ്യാറായിരുന്നില്ല. ജനവിധി അട്ടിമറിച്ചതാണെന്ന നിലപാടിൽ തുടർന്ന മമത ബാനർജി മുഖ്യമന്ത്രി പദം, ഗവർണറെ കണ്ട് രാജിവയ്ക്കില്ലെന്ന് അറിയിച്ചിരുന്നു. പാർട്ടി എം എൽ എമാരുടെ യോഗം വിളിച്ചും മമത ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. മമതയുടെ നീക്കം മറികടക്കാൻ കേന്ദ്ര സർക്കാർ നിയമ വഴികൾ തേടുന്നതിനിടെയാണ് ഗവർണർ നിയമസഭ പിരിച്ചുവിട്ടത്.

വാദ പ്രതിവാദം

മമത ബാനർജി ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും, മമതയുടെ വാദങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നും ബി ജെ പി നേതാക്കൾ വിമർശനം കടുപ്പിച്ചിട്ടുണ്ട്. എന്നാൽ ഭരണഘടനയെ കുറിച്ച് ഇപ്പോൾ വാചാലരാകുന്നവർ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര ഏജൻസികളും കേന്ദ്രസേനയും ഒരുമിച്ച് ബി ജെ പിയോടൊപ്പം തെരഞ്ഞെടുപ്പ് അട്ടിമറിക്കുമ്പോൾ എവിടെയായിരുന്നുവെന്ന ചോദ്യമാണ് ടി എം സി ഉയർത്തുന്നത്. സംസ്ഥാനത്ത് പലയിടത്തും വോട്ടിംഗ് മെഷീനുകൾ മാറ്റിയെന്ന ആരോപണമകട്ടം ടി എം സി ഉയർത്തിയിട്ടുണ്ട്. നൂറ് കൗണ്ടിംഗ് കേന്ദ്രങ്ങളിലെങ്കിലും സീരിയൽ നമ്പറുകൾ നേരത്തെ രേഖപ്പെടുത്തിയതുമായി ഒത്തുപോകുന്നതായിരുന്നില്ലെന്നും, വോട്ടെണ്ണൽ പകുതിയായപ്പോൾ കൗണ്ടിംഗ് ഏജന്റുമാരെ മാറ്റി പുറത്തുള്ളവരെ കൊണ്ടു വന്നെന്നും അഭിഷേക് ബാനർജി ആരോപിച്ചിട്ടുണ്ട്.

ആരാകും മുഖ്യമന്ത്രി

ബി ജെ പി നിയമസഭ കക്ഷി നേതാവിനെ തീരുമാനിക്കുന്നതിനായി കൊൽക്കത്തയിൽ ഇന്ന് പാർട്ടി യോഗം ചേരുന്നുണ്ട്. കേന്ദ്ര നിരീക്ഷകരായ അമിത് ഷായും മോഹൻ ചരൺ മാജിയുടെയും സാന്നിധ്യത്തിലാകും യോഗം. സുവേന്ദു അധികാരിക്കാണ് ഭൂരിപക്ഷം എം എൽ എമാരുടെയും പിന്തുണയെന്നാണ് സൂചന. അതേസമയം ബം​ഗാളിൽ അക്രമം കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുകയാണ്. കൊൽക്കത്ത ന്യൂമാർക്കറ്റിൽ ബി ജെ പി വിജയാഘോഷത്തിനിടെ ബുൾഡോസറുപയോ​ഗിച്ച് ഇറച്ചിക്കടകൾ തകർക്കുന്ന ദൃശ്യങ്ങൾ ടി എം സി പുറത്തുവിട്ടു. പലയിടത്തും ടി എം സി ആസ്ഥാനങ്ങൾക്ക് തീയിട്ടു. ബോങ്​ഗാവോണിൽ വിജയിച്ച ടി എം സി സ്ഥാനാർത്ഥി ബിന മൊണ്ടലിന്റെ വീടും വാഹനവും ബിജെപി ​ഗുണ്ടകൾ അക്രമിച്ച് തകർത്തെന്നും ടി എം സി പരാതിപ്പെട്ടു. ഇതുവരെ നാല് പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ അക്രമങ്ങൾ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡി ജി പിക്കും ചീഫ് സെക്രട്ടറിക്കും നിർദേശം നൽകി. ആഘോഷപരിപാടികളിൽ ബുൾഡോസർ കൊണ്ടു വരുന്നത് വിലക്കി. ആവശ്യമുള്ളിടത്തെല്ലാം കർഫ്യൂ പ്രഖ്യാപിക്കാനും, സേനാ വിന്യാസം ശക്തമാക്കാനും നിർദേശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group