തെരുവ് നായ്ക്കളെ നീക്കംചെയ്യണം; സുപ്രീം കോടതി വിധിയില്‍ ആശ്വാസവുമായി പൊതുജനം
കോട്ടയം: അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ നീക്കംചെയ്യണമെന്ന സുപ്രീം കോടതി വിധിയില്‍ ആശ്വാസവുമായി പൊതുജനം. നഗരങ്ങളിലും ഗ്രാമങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യത്തില്‍ പൊറുതിമുട്ടുന്നവര്‍ക്ക് ആശ്വാസമാണ് സുപ്രീം കോടതി വിധി. കഴിഞ്ഞ ആഴ്ചയിലും തിരുവഞ്ചൂരില്‍ നായയുടെ കടിയേറ്റത് പത്തിലധികം പേര്‍ക്കാണ്.
ഇവരെ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാഗമ്പടം, തിരുനക്കര ബസ് സ്റ്റോപ്പുകളില്‍ എത്തിയവര്‍ക്കും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നായയുടെ കടിയേറ്റിരുന്നു. നിരവധി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും നായയുടെ കടിയേറ്റിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.
വിധി സ്വാഗതാർഹം: ജോസ് കെ. മാണി എംപി
കോട്ടയം: മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ കൊല്ലാമെന്നും തെരുവ് നായ്ക്കളെ പൊതു ഇടങ്ങളില്‍നിന്നു നീക്കം ചെയ്യണമെന്നുമുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി. ഏറെക്കാലമായി പാര്‍ട്ടി ഉന്നയിക്കുന്ന പ്രധാനപ്പെട്ട ഒരാവശ്യത്തിന് നിയമസാധുത കൈവന്നതില്‍ അങ്ങേയറ്റം ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിവിധി നടപ്പാക്കണം:സജി മഞ്ഞക്കടമ്പിൽ
കോട്ടയം: മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ കൊല്ലാമെന്ന സുപ്രീം കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ പുതിയ യുഡിഎഫ് സര്‍ക്കാര്‍ തയാറാകണമെന്ന് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. തെരുവുനായ അക്രമം മൂലം നിരവധി ആളുകള്‍ക്കു പരിക്ക് പറ്റുകയും പേവിഷബാധ ഏറ്റ് മരണം സംഭവിക്കുകയും ചെയ്യുന്നത് കേരളത്തില്‍ നിത്യസംഭവമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ തെരുവുകളില്‍നിന്നും ഒഴിവാക്കണമെന്നും സജി ആവശ്യപ്പെട്ടു.
Post a Comment