യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി ആര്? ഫലം അനുകൂലമെങ്കിൽ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തും
ദില്ലി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമെങ്കിൽ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തും. നിയുക്ത എംഎൽഎമാരുടെ അഭിപ്രായം തേടും. നടപടികൾ വേഗത്തിലാക്കാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. നിയുക്ത എംഎൽഎമാരുടെ അഭിപ്രായം അറിഞ്ഞശേഷം നേതൃത്വം ഘടകകക്ഷികളുടെ നിലപാട് തേടും. മറ്റ് തടസങ്ങളില്ലെങ്കിൽ കെസി വേണുഗോപാലിൻ്റെ ലാൻഡിംഗും പരിഗണനയിലെന്ന് സൂചന.
തരംഗമെങ്കിൽ 100 സീറ്റ് വരെ കിട്ടി അധികാരത്തിൽ എത്തും എന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. ഏത് സാഹചര്യത്തിലും 80ന് മുകളിൽ സീറ്റ് യുഡിഎഫ് ഉറപ്പിക്കുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് പ്രവർത്തകരോട് കോൺഗ്രസ് നേതൃത്വം നിർദേശിച്ചു. കൗണ്ടിംഗ് ഏജന്റുമാർക്ക് ഇത്തവണ പ്രത്യേക ട്രെയിനിംഗും പൂർത്തിയാക്കി. പ്രതിപക്ഷ വി ഡി സതീശൻ നാളെ തലസ്ഥാനത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലിരുന്നാകും ഫലം അറിയുക. ഫലം വന്ന ശേഷം മാധ്യമങ്ങളെ കാണും. വോട്ടെണ്ണൽ തലേന്ന് പറവൂരിൽ പൊതുപരിപാടികളിലാണ് വിഡി സതീശൻ. രാവിലെ ഒരു പള്ളിയിൽ പന്തലിന്റെ കാൽനാട്ടൽ ചടങ്ങിനെത്തി. മാധ്യമങ്ങൾ പല കുറി ചോദിച്ചിട്ടും എല്ലാം നാളെ പറയാം എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ സി വേണുഗോപാൽ കെപിസിസി ഓഫീസിലും രമേശ് ചെന്നിത്തല ഹരിപ്പാടും ഫലമറിയും.
Post a Comment