സ്വപ്നച്ചിറകിലേറി ബംഗളൂരുവിലേക്ക്; മടങ്ങുന്നത് ചേതനയറ്റ്! വിമാനം കയറണമെന്ന മോഹം പൂവണിഞ്ഞത് കണ്ണീര്‍ക്കടലില്‍; ബംഗളുരുവില്‍ മതിലിടുഞ്ഞു വീണ് മരിച്ച മലയാളികള്‍ കുടുംബശ്രീ സംഘത്തിന്റെ വിനോദയാത്രാ സംഘത്തില്‍ പെട്ടവര്‍; ദുരന്തത്തില്‍ തകര്‍ന്നത് രാമമംഗലത്തെ രണ്ട് കുടുംബങ്ങള്‍!
ബംഗളൂരു: ആടിയും പാടിയും ആഹ്ലാദം നിറഞ്ഞ ആ യാത്ര ഒടുവില്‍ അവസാനിച്ചത് കൂട്ടക്കരച്ചിലിലും കണ്ണീരിലും. ജീവിതത്തിലാദ്യമായി വിമാനത്തില്‍ പറക്കണമെന്ന കൊച്ചു സ്വപ്നവുമായി നെടുമ്പാശ്ശേരിയില്‍ നിന്ന് ബംഗളൂരുവിലേക്ക് വിമാനം കയറിയ കുടുംബശ്രീ സംഘത്തെ കാത്തിരുന്നത് വലിയൊരു ദുരന്തമായിരുന്നു.
ഷോപ്പിംഗിനിടെ കനത്ത മഴയില്‍ ആശുപത്രി മതില്‍ ഇടിഞ്ഞു വീണ് മരിച്ചത് എറണാകുളം രാമമംഗലം സ്വദേശികളായ രണ്ട് വീട്ടമ്മമാരായിരുന്നു. രാമമംഗലം തെക്കേ പറമ്പില്‍ രഘുവിന്റെ ഭാര്യ സ്മിത (48), ആശുപത്രിപ്പടി സ്വദേശി ലത (53) എന്നിവരാണ് മരണപ്പെട്ടത്.
വിമാനത്തില്‍ കയറണമെന്നത് ഈ കുടുംബശ്രീ പ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു. ഇതിനായി ഓരോരുത്തരും തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ചെറിയ തുകകള്‍ മാറ്റിവെച്ച് കാത്തിരിക്കുകയായിരുന്നു. 46 കുടുംബശ്രീ അംഗങ്ങളും 10 ഉദ്യോഗസ്ഥരുമടങ്ങുന്ന 56 പേരുടെ സംഘം ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് ബംഗളൂരുവില്‍ വിമാനമിറങ്ങിയത്. നഗരം ചുറ്റിക്കണ്ട് വ്യാഴാഴ്ച മടങ്ങാനിരിക്കെയാണ് വിധി വില്ലനായെത്തിയത്.
വൈകുന്നേരം നഗരത്തില്‍ ഷോപ്പിംഗിനായി വിവിധ സംഘങ്ങളായി പിരിഞ്ഞുപോയതായിരുന്നു സംഘം. ഇതിനിടെ ബംഗളൂരുവില്‍ കനത്ത മഴ പെയ്തു. മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ബൗറിംഗ് ആന്‍ഡ് ലേഡി കഴ്സണ്‍ ആശുപത്രിയുടെ മതിലിനോട് ചേര്‍ന്ന് കയറി നിന്നപ്പോഴാണ് ദുരന്തം സംഭവിച്ചത്. കാലപ്പഴക്കം ചെന്ന മതില്‍ പെട്ടെന്ന് തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. സ്മിതയും ലതയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന മായ, പ്രീതി, സിജി എന്നിവര്‍ക്ക് പരിക്കേറ്റു. മലയാളികള്‍ ഉള്‍പ്പെടെ എട്ട് പേരാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്.
ദുരന്തവാര്‍ത്തയറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മതിലിന്റെ ബലക്ഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ഉത്തരവും നല്‍കി. ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ മാറ്റിയാണ് മണിക്കൂറുകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
സ്വരുക്കൂട്ടിയ പണം കൊണ്ട് വിമാനത്തില്‍ പറന്ന് സന്തോഷം പങ്കിടാന്‍ പോയ പ്രിയപ്പെട്ടവര്‍ ഇനി ചേതനയറ്റ് മടങ്ങിവരുമെന്ന വാര്‍ത്ത രാമമംഗലം ഗ്രാമത്തിന് താങ്ങാവുന്നതിലും അധികമാണ്. അനാമിക, അരുന്ധതി, ആവണി എന്നിവരാണ് സ്മിതയുടെ മക്കള്‍. ലത അവിവാഹിതയാണ്. സ്വപ്നങ്ങള്‍ പാതിവഴിയില്‍ മുറിഞ്ഞ ഈ കുടുംബങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നൊമ്പരപ്പെടുകയാണ് നാട്. അനാമിക, അരുന്ധതി, ആവണി എന്നിവരാണ് സ്മിതയുടെ മക്കള്‍. ലത അവിവാഹിതയാണ്
Post a Comment