'മടിയിൽ കനമില്ലെങ്കിൽ വഴിയിൽ ഭയക്കുന്നതെന്തിന്?', പിണറായിയുടെ രാജി ആവശ്യപ്പെട്ട് വി പി അബ്ദുൾ റഷീദിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം
കണ്ണൂർ: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധനയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വി പി അബ്ദുൾ റഷീദിന്‍റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം. മടിയിൽ കനം ഇല്ലെങ്കിൽ വഴിയിൽ ഭയക്കുന്നത് എന്തിനാണ് പിണറായി വിജയൻ എന്നും മാന്യതയും അന്തസ്സും ഉണ്ടെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം. പൊതു ഖജനാവ് കൊള്ളയടിച്ച കള്ളനാണ് പിണറായി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ നടന്നത് വധശ്രമം എന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം. ഒരു വർഷത്തോളമായി നിയമക്കുരുക്കിലായ മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇഡിയുടെ മിന്നൽ പരിശോധന. ഒരു ദിവസം വൈകിയാൽ പ്രതികൾ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യതകൂടി കണ്ടായിരുന്നു കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം. അന്വേഷണ പരിധിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
ഇഡി പരിശോധനയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് എസ്എഫ്ഐ, സിപിഎം പ്രവർത്തകർ നടത്തിയത്. തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ നിലവില്‍ അറസ്റ്റിലായിട്ടുണ്ട്. 6 പ്രതികളെ സിപിഎം പൊലീസിന് കൈമാറി. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസടുത്തതായി തമ്പാനൂര്‍ പൊലീസ് അറിയിച്ചു. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥന്‍റെ മൊഴി. കൊല്ലെടാ എന്ന് ആക്രോശിച്ച് ആക്രമിച്ചെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
إرسال تعليق