‘വിജയലഹരിയിൽ പരിസരബോധം മറന്നു, സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി തളർത്തി’: ആലിംഗന വിവാദത്തിൽ ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ഇന്ദിരാ ഭവനിലുണ്ടായ ആലിംഗന വിവാദത്തിൽ വിശദീകരണവും ഖേദപ്രകടനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. തെരഞ്ഞെടുപ്പ് വിജയലഹരിയിൽ പരിസരബോധം മറന്നാണ് മാധ്യമപ്രവർത്തകർക്കും ക്യാമറകൾക്കും മുന്നിൽ വെച്ച് ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അനൗചിത്യം ഉണ്ടായിട്ടുണ്ടെങ്കിൽ പൊതുസമൂഹം ക്ഷമിക്കണമെന്നും അദ്ദേഹം അഭ്യർച്ചു.
കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനിടെ ഇന്ദിരാഭവനിലെത്തിയ വനിതാ എംഎൽഎമാരെ ഉൾപ്പെടെ ചെറിയാൻ ഫിലിപ്പ് കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. കൊല്ലം എംഎൽഎയും മന്ത്രിയുമായ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചപ്പോൾ അവർ ഒഴിഞ്ഞുമാറുന്ന ദൃശ്യങ്ങളാണ് പ്രധാനമായും ചർച്ചയായത്.
എന്നാൽ തന്റെ പെരുമാറ്റത്തിൽ ദുരുദ്ദേശ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും വ്യക്തമാക്കിയിട്ടുണ്ടെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. തന്റേത് പിതൃതുല്യമായ സ്നേഹപ്രകടനമായിരുന്നു എന്ന് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപിയും വ്യക്തമാക്കിയിരുന്നു. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം തനിക്ക് കുഞ്ഞനുജത്തിമാരെപ്പോലെയാണെന്നും ഇന്ന് ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇവരുമായി സൗഹൃദം പങ്കുവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുറിപ്പിൽ ചെറിയാൻ ഫിലിപ്പ് തുറന്നുപറഞ്ഞു. “അര നൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഢനത്തിൽ നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടർന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകർച്ചയിലായി. കാലുകളിലെ പേശികൾ ശോഷിച്ചു. തുടർച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്.
ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി.”
ബുദ്ധിമുട്ടേറിയ ഘട്ടത്തിൽ തനിക്ക് സാന്ത്വനമേകിയ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
إرسال تعليق