ചെന്നൈയിൽ കുതിരപ്പനി സ്ഥിരീകരിച്ചു, മനുഷ്യരിലേക്ക് പടരാൻ സാധ്യത; കനത്ത ജാഗ്രത
ചെന്നൈ: സവാരിക്ക് ഉപയോഗിക്കുന്ന കുതിരയ്ക്കു മാരക സാംക്രമിക രോഗമായ കുതിരപ്പനി (ഗ്ലാൻഡർ) സ്ഥിരീകരിച്ചതോടെ ചെന്നൈയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ബാക്ടീരിയജന്യ രോഗമായ കുതിരപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം ചത്ത കുതിരയുടെ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. ആദ്യമായാണു ചെന്നൈ നഗരത്തിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ നഗരത്തിൽ കുതിര സവാരിക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഉല്ലാസ സവാരിക്ക് ചെന്നൈ നഗരത്തിൽ 140 കുതിരകളാണുള്ളത്.
ഇവയുടെ സ്രവം ശേഖരിച്ച് പരിശോധന നടത്തുമെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. രോഗം ബാധിച്ച് ചത്ത കുതിരയോടൊപ്പം പാർപ്പിച്ചിരുന്ന മറ്റു കുതിരകളെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ചെന്നൈയിലേക്കും തിരിച്ചുമുള്ള കുതിരകളുടെ ഗതാഗതത്തിന് അധികൃതർ താൽക്കാലിക വിലക്കേർപ്പെടുത്തി. രോഗബാധിത പ്രദേശങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ച് പരിശോധനകളും കർശനമാക്കി.
إرسال تعليق