Join News @ Iritty Whats App Group

പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നത് അവകാശമായി ഉന്നയിക്കാനാവില്ല: നിർണായക ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി

പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നത് അവകാശമായി ഉന്നയിക്കാനാവില്ല: നിർണായക ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി


പ്രയാഗ്‌രാജ്: പൊതുസ്ഥലങ്ങളിൽ നിസ്‌കരിക്കുന്നതും മതപരമായ ഒത്തുചേരലുകൾ നടത്തുന്നതും അവകാശമായി ഉന്നയിക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലുള്ള ഇക്കോണ ഗ്രാമത്തിലെ സ്ഥലത്ത് നിസ്‌കാരം നടത്താൻ അനുമതി തേടി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്. ആസീൻ എന്ന വ്യക്തി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിസ്‌കാരം നടത്തുന്നത് അധികൃതർ തടയുന്നു എന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, റവന്യൂ രേഖകൾ പ്രകാരം ഇത് പൊതു ആവശ്യത്തിനുള്ള ഭൂമിയാണെന്നും ഇവിടെ പെരുന്നാൾ സമയത്ത് മാത്രമാണ് പാരമ്പര്യമായി നിസ്‌കാരം നടക്കാറുള്ളതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

പൊതുക്രമം , ധാർമ്മികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമാണ് ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഗരിമ പ്രസാദ്, ജസ്റ്റിസ് സരൾ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങൾ എല്ലാവർക്കും ഉപയോഗിക്കാനുള്ളതാണ്. അവിടെ സ്ഥിരമായി മതപരമായ ചടങ്ങുകൾ നടത്തുന്നത് മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും പൊതുസമാധാനത്തെയും ബാധിക്കും. വീടിനുള്ളിലോ പരിമിതമായ സ്വകാര്യ സ്ഥലത്തോ നടത്തുന്ന വ്യക്തിപരമായ പ്രാർത്ഥനകൾക്ക് സംരക്ഷണമുണ്ട്. എന്നാൽ ഇത് വലിയൊരു ഒത്തുചേരലായി മാറുകയും പൊതുസമൂഹത്തെ ബാധിക്കുകയും ചെയ്യുമ്പോൾ അത് നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു

ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ, അനിഷ്ട സംഭവങ്ങൾ നടക്കുന്നത് വരെ കാത്തുനിൽക്കാതെ തന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അധികാരികൾക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. ഹർജിക്കാരൻ ഗ്രാമത്തിന് പുറത്തുള്ളവരെ അടക്കം പങ്കെടുപ്പിച്ച് വലിയ തോതിലുള്ള ഒത്തുചേരലുകൾക്ക് ശ്രമിക്കുന്നു എന്നായിരുന്നു സർക്കാരിൻ്റെ വാദം. ഇത് അംഗീകരിച്ച കോടതി, ഹർജിക്കാരന് ഭൂമിയിൽ വ്യക്തമായ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തി ഹർജി തള്ളുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group