Join News @ Iritty Whats App Group

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകള്‍

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകള്‍


ഖ്നൗ: ബലിപെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രമുഖ മുസ്‌ലിം സംഘടനകള്‍ രംഗത്ത്.

ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മദനിയുടെ ഈ ആവശ്യത്തെ പിന്തുണച്ച്‌ ഉത്തർപ്രദേശിലെ ഉള്‍പ്പെടെ നിരവധി മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തി. പശുവിന്റെ പേരില്‍ നടക്കുന്ന രാഷ്ട്രീയ ചൂഷണങ്ങള്‍ അവസാനിപ്പിക്കാനും, പശുവിറച്ചിയുടെ പേരില്‍ രാജ്യത്തുണ്ടാകുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളും തടയാനും ഇത്തരം ഒരു നീക്കത്തിലൂടെ സാധിക്കുമെന്നാണ് സംഘടനകളുടെ വിലയിരുത്തല്‍. വിഷയത്തില്‍ മുസ്‌ലിം സമൂഹത്തിനിടയില്‍ വിപുലമായ യോജിപ്പ് ഉണ്ടാക്കാനാണ് സംഘടനകളുടെ ശ്രമം. ഇതിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് നിവേദനം നല്‍കാനും ഇവർ പദ്ധതിയിടുന്നുണ്ട്.

2027-ല്‍ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബലിപെരുന്നാള്‍ സമയത്ത് മുസ്‌ലിം സമൂഹത്തില്‍ നിന്ന് തന്നെ ഇത്തരമൊരു ആവശ്യം ഉയർന്നുവന്നത് രാഷ്ട്രീയ വൃത്തങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. സാധാരണയായി ഹൈന്ദവ സംഘടനകളാണ് ഈ ആവശ്യം ഉന്നയിക്കാറുള്ളത്.

പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യത്തെ ഓള്‍ ഇന്ത്യ മുസ്‌ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി പിന്തുണച്ചു. ഈ വിഷയത്തില്‍ വിവിധ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ അഭിപ്രായ ഐക്യം രൂപീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇതിനായി പ്രമുഖ മുസ്‌ലിം സംഘടനകളുടെ യോഗം ഉടൻ തന്നെ ഡല്‍ഹിയില്‍ വിളിച്ചുചേർക്കുമെന്നും, തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാജ്യത്തെ ഉന്നത നേതാക്കള്‍ക്ക് സംയുക്ത നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഈ ആവശ്യം ഉടനടി അംഗീകരിക്കണമെന്നും, ഇത് ഗോവധവുമായി ബന്ധപ്പെട്ട നയങ്ങളില്‍ രാജ്യത്തുടനീളം ഏകീകരണം കൊണ്ടുവരാനും ആള്‍ക്കൂട്ട അക്രമങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുമെന്നും റസ്വി കൂട്ടിച്ചേർത്തു.

ഇറച്ചി വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഖുറേഷി സമുദായത്തിന്റെ പ്രമുഖ സംഘടനയായ ഓള്‍ ഇന്ത്യ ഖുറേഷി ജമാഅത്തിന്റെ പ്രസിഡന്റ് സിറാജ് ഖുറേഷിയും ഈ ആവശ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. പെരുന്നാളിന് മുന്നോടിയായി ഗോവധ വിഷയം വീണ്ടും സജീവമായിട്ടുണ്ടെന്നും പശ്ചിമ ബംഗാളിലെ സമീപകാല സംഭവങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് തങ്ങളുടെ സംഘടന ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ ഒരു സർക്കാരും ഇതില്‍ കൃത്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു.

പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യം ന്യായമാണെന്നും സർക്കാർ ഇത് ആത്മാർഥതയോടെ നടപ്പാക്കണമെന്നും ഓള്‍ ഇന്ത്യ ഷിയാ പേഴ്‌സണല്‍ ലോ ബോർഡ് നാഷണല്‍ ജനറല്‍ സെക്രട്ടറി മൗലാന യാസൂബ് അബ്ബാസ് അഭിപ്രായപ്പെട്ടു. ചില സംസ്ഥാനങ്ങളില്‍ പശുവിറച്ചി യാതൊരു നിയന്ത്രണവുമില്ലാതെ കഴിക്കുകയും, മറ്റ് ചില സംസ്ഥാനങ്ങളില്‍ പശുവിന്റെ പേരില്‍ മനുഷ്യജീവനുകള്‍ എടുക്കുകയും ചെയ്യുന്ന അവസ്ഥ മാറണമെന്നും സർക്കാരിന്റെ നയങ്ങളില്‍ ഈ വ്യക്തത കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കൗസർ ഹയാത്ത് ഖാനും മദനിയുടെ ആവശ്യത്തെ പിന്തുണച്ചു. ഈ ആവശ്യം സാങ്കേതികമായി ശരിയാണെന്നും എല്ലാ മുസ്‌ലിം സംഘടനകളും ഒന്നിച്ചുനിന്നാല്‍ മാത്രമേ ഈ നീക്കത്തിന് പൂർണ വേഗത കൈവരൂ എന്നും അദ്ദേഹം നിരീക്ഷിച്ചു. ഗോവ, അസം, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും പശുവിറച്ചി യാതൊരു നിയന്ത്രണവുമില്ലാതെ കഴിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ബിജെപി ഭരിക്കുന്ന ഈ സംസ്ഥാനങ്ങളിലെ നയവും ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാർട്ടി സ്വീകരിക്കുന്ന നിലപാടും തമ്മിലുള്ള വൈരുദ്ധ്യത്തെ വിമർശിക്കുകയും ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മദനി തന്റെ ദീർഘകാലമായുള്ള ഈ ആവശ്യം വീണ്ടും ആവർത്തിച്ചത്. പശുവിനെ ദേശീയ മൃഗമാക്കണമെന്നും, പശുവിനെ കൊല്ലാനായി വാങ്ങുന്നവർക്കും വില്‍ക്കുന്നവർക്കും പശുവിറച്ചി കച്ചവടം നടത്തുന്നവർക്കുമെതിരെ കർശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് പുതിയൊരു ആവശ്യമല്ലെന്നും, 2014-ല്‍ മുംബൈയില്‍ നടന്ന സർവമത സമ്മേളനത്തില്‍ മദനി ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും സംഘടനയുടെ ഉത്തർപ്രദേശ് ഘടകം നിയമോപദേശകൻ മൗലാന കാബ് റഷീദി ചൂണ്ടിക്കാട്ടി. സമീപ വർഷങ്ങളില്‍ വിവിധ ഹൈന്ദവ സംഘടനകളും ഈ ആവശ്യം ശക്തമാക്കിയിട്ടുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group