Join News @ Iritty Whats App Group

'അത് എന്റെ ഭാര്യയല്ല, പരിചയവുമില്ല'; ലീഗും ബിജെപിയും രാഷ്ട്രീയ വേട്ട നടത്തുന്നുവെന്ന് വി. വസീഫ്; യുവതി ബന്ധുവാണെന്ന് വ്യാജ പ്രചാരണം; സഖാക്കള്‍ പാഠം പഠിക്കില്ലെന്ന് പി.കെ. ഫിറോസ്; കെഎസ്‌ആര്‍ടിസി ചില്ല് തകര്‍ത്ത യുവതിയെച്ചൊല്ലി രാഷ്ട്രീയ പോര്; സൈബറിടങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നു, നിയമനടപടി സ്വീകരിക്കുമെന്ന് യുവതി

'അത് എന്റെ ഭാര്യയല്ല, പരിചയവുമില്ല'; ലീഗും ബിജെപിയും രാഷ്ട്രീയ വേട്ട നടത്തുന്നുവെന്ന് വി. വസീഫ്; യുവതി ബന്ധുവാണെന്ന് വ്യാജ പ്രചാരണം; സഖാക്കള്‍ പാഠം പഠിക്കില്ലെന്ന് പി.കെ. ഫിറോസ്; കെഎസ്‌ആര്‍ടിസി ചില്ല് തകര്‍ത്ത യുവതിയെച്ചൊല്ലി രാഷ്ട്രീയ പോര്; സൈബറിടങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നു, നിയമനടപടി സ്വീകരിക്കുമെന്ന് യുവതി


കോഴിക്കോട്: കെഎസ്‌ആർടിസി ബസ് തടഞ്ഞുനിർത്തി ചില്ല് തകർത്ത യുവതിയെ മുൻനിർത്തി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും രംഗത്ത്. അക്രമം നടത്തിയ യുവതി തന്റെ ഭാര്യയാണെന്ന പ്രചാരണം നുണയാണെന്ന് വസീഫും, തന്റെ ബന്ധുവാണെന്ന വാർത്ത തെറ്റാണെന്ന് പി.കെ. ഫിറോസും ഫേസ്ബുക്ക് കുറിപ്പുകളിലൂടെ വ്യക്തമാക്കി. സംഭവത്തില്‍ തനിക്കെതിരെ സൈബർ ആക്രമണം നടക്കുകയാണെന്നും, നിയമ നടപടി സ്വീകരിക്കുമെന്നും യുവതി പ്രതികരിച്ചു.

മാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലെ സ്ത്രീ തന്റെ ഭാര്യയാണെന്ന് വരുത്തിതീർക്കാൻ ചാനലുകളുടെ വ്യാജ ന്യൂസ് കാർഡുകള്‍ നിർമ്മിച്ച്‌ മുസ്ലിം ലീഗും ബിജെപിയും ഒരേപോലെ നുണപ്രചാരണം നടത്തുകയാണെന്ന് വസീഫ് കുറ്റപ്പെടുത്തി. യുവതി തന്റെ ബന്ധുവാണെന്ന രീതിയില്‍ ഇടതുപക്ഷം നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെയാണ് പി.കെ. ഫിറോസ് രംഗത്തെത്തിയത്. മുൻപത്തെ വിവാദങ്ങള്‍ പരാമർശിച്ചുകൊണ്ടായിരുന്നു ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ്.

വി. വസീഫിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

നുണകള്‍ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന UDF -BJP തന്ത്രങ്ങള്‍ തുടരുന്നു. ഇന്നലെ മാധ്യമങ്ങളില്‍ വൈറല്‍ ആയ ksrtc ബസ് നിർത്തണം എന്നാവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ വീഡിയോ വെച്ച്‌ അത് എന്റെ ഭാര്യ ആണെന്നും പറഞ്ഞു ചാനലുകളുടെ വ്യാജ കാർഡുകള്‍ വെച്ച്‌ ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ്.വ്യാജ ഫേസ്ബുക്ക്‌ അക്കൗണ്ട് ഉപയോഗിച്ച്‌ തുടങ്ങി പിന്നീട് മുഖമുള്ളതും ഇല്ലാത്തതും ആയ അക്കൗണ്ടുകളില്‍ വ്യാപകമായി പ്രചരണം നടത്തുകയാണ്.സത്യം അറിയാൻ ആഗ്രഹമുള്ള പ്രിയപ്പെട്ടവരോട് സ്നേഹത്തോടെ പറയട്ടെ, ' ആ വീഡിയോയില്‍ കണ്ട സ്ത്രീ എന്റെ ഭാര്യ അല്ലന്ന് മാത്രമല്ല എനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ല'.

സത്യം അറിയാൻ ആഗ്രഹമുള്ള പ്രിയപ്പെട്ടവരോട് സ്നേഹത്തോടെ പറയട്ടെ, 'ആ വീഡിയോയില്‍ കണ്ട സ്ത്രീ എന്റെ ഭാര്യ അല്ലന്ന് മാത്രമല്ല എനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ല'. കേരളത്തില്‍ കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വലതുപക്ഷ കൂട്ടായ്മ നീചമായ രാഷ്ട്രീയ വേട്ടയ്ക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്. ഒന്നോർത്തോളൂ. ഇതു പോലുള്ള അധമ വൃത്തികള്‍ക്ക് മുമ്പില്‍ തോല്‍ക്കുന്നവരല്ല ഞങ്ങള്‍ . ഭയലേശമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുക തന്നെ ചെയ്യും.

NOT AN INCH BACK...

പി. കെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ടും പേരാമ്പ്രയിലെ കൗമും പൊളിഞ്ഞ് പാളീസായിട്ടും സഖാക്കള്‍ക്ക് ഒരു മാറ്റവുമില്ല. ഏതോ ബസ്സിൻ്റെ ചില്ല് പൊട്ടിച്ചത് എൻ്റെ ബന്ധുവാണെന്നാണ് പുതിയ പ്രചരണം. ഇത്രയും വലിയ തോല്‍വി തെരഞ്ഞെടുപ്പില്‍ നേരിട്ടിട്ടും ഇവരെന്തായിരിക്കും പാഠം പഠിക്കാത്തത്! ഓ മറന്നു. അത് കൊണ്ടാണല്ലോ ഇവരെ സഖാക്കള്‍ എന്ന് വിളിക്കുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ലുലു മിംസ് ഭാഗത്തെ സ്റ്റോപ്പിലാണ് സംഭവമുണ്ടായത്. സ്റ്റോപ്പില്‍ നിർത്താത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ കെഎസ്‌ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർക്കുകയായിരുന്നു. കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് ആണ് തകര്‍ത്തത്. യുവതി പറഞ്ഞ സ്ഥലത്ത് സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ ബസ് നിർത്താൻ ഡ്രൈവറും കണ്ടക്ടറും തയ്യാറായില്ല. ഇതില്‍ പ്രകോപിതയായ യുവതി ബസിനുള്ളില്‍ സൂക്ഷിച്ചിരുന്ന എമർജൻസി ചുറ്റിക എടുത്ത് മുൻവശത്തെ ഗ്ലാസ് അടിച്ചു തകർത്തത്.

അതേസമയം, കെഎസ്‌ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്തതുമായി ബന്ധപ്പെട്ട കേസില്‍ നഷ്ടപരിഹാരമായി യുവതി ഇരുപത്തയ്യായിരം രൂപ പിഴയൊടുക്കി. താൻ ശുചിമുറിയില്‍ പോകാൻ വേണ്ടിയാണ് ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്ന് യുവതി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഫോണില്‍ പകർത്തിയ വീഡിയോ ഉള്‍പ്പെടെ താൻ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തിരുന്നു.

എന്നിട്ടും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ഇതില്‍ നിന്ന് എല്ലാവരും പിൻവാങ്ങണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. സംഭവം ഉയർത്തി സമൂഹമാധ്യമങ്ങളില്‍ തന്നെ തെറ്റായി ചിത്രീകരിക്കുകയാണെന്നും തനിക്കെതിരായി നടക്കുന്ന സൈബർ ആക്രമണത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും യുവതി പറഞ്ഞു. യുവതിയെ മുൻനിർത്തി രാഷ്ട്രീയ നേതാക്കളുടെ പേരിലടക്കം വലിയ രീതിയിലുള്ള വ്യാജ സൈബർ പ്രചാരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഉയർന്നത്.

Post a Comment

أحدث أقدم
Join Our Whats App Group