Join News @ Iritty Whats App Group

രത്തൻ ഖേൽക്കറുടെ നിയമനം ബംഗാളിലേതിന് സമാനം, ഡീലുണ്ടോയെന്ന് വൈകാതെ പുറത്തുവരുവെന്ന് എം വി ഗോവിന്ദൻ

രത്തൻ ഖേൽക്കറുടെ നിയമനം ബംഗാളിലേതിന് സമാനം, ഡീലുണ്ടോയെന്ന് വൈകാതെ പുറത്തുവരുവെന്ന് എം വി ഗോവിന്ദൻ


തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ നിയമിച്ചത് ബംഗാളിലേതിന് സമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെ സി വേണുഗോപാലിന് കേരളത്തെപ്പറ്റി പറയാൻ കഴിയുന്നില്ല. കോൺഗ്രസിന് അകത്തുതന്നെ പ്രശ്നങ്ങൾ ഉണ്ട്. ശക്തമായി ന്യായീകരിക്കാനോ എതിർക്കാനോ കോൺഗ്രസ് തയ്യാറാകുന്നില്ല. മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള തീരുമാനമാണിതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

പതിനായിരക്കണക്കിന് വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകാത്ത കമ്മീഷൻ്റെ ഭാഗമാണ് രത്തൻ ഖേൽക്കർ എന്നും എം വി ഗോവിന്ദൻ ആരോപിച്ചു. ഡീൽ അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണം. രത്തൻ ഖേൽക്കറുടെ നിയമനത്തിൽ ഡീലുണ്ടോയെന്ന് വൈകാതെ പുറത്തുവരും. നിയമനം സംബന്ധിച്ചു രാഹുൽ ഗാന്ധിക്കോ കെ സി വേണുഗോപാലിനോ മറുപടിയില്ല. ഇരട്ടത്താപ്പാണ് പുറത്തുവരുന്നത്. കാര്യങ്ങൾ ഓരോന്നായി പുറത്തുവരികയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സിപിഎം രംഗത്തെത്തുമ്പോൾ, മറുവശത്ത് ഇതേ വിഷയം ദേശീയതലത്തിൽ ആയുധമാക്കുകയാണ് ബിജെപി. പശ്ചിമ ബംഗാളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് കുമാർ അഗർവാളെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം വിമർശിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിലുള്ള നഗ്നമായ ഒത്തുകളിയുടെയും കൂട്ടുകെട്ടിന്റെയും പ്രതിഫലനമാണ് നിയമനമെന്നായിരുന്നു കോൺഗ്രസ് വിമർശനം. സമാന നടപടി കേരളത്തിൽ ഉണ്ടായതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വത്തെ ചോദ്യംചെയ്ത് ബിജെപി രംഗത്തെത്തിയത്. ബംഗാളിലെ നിയമനത്തെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് കേരളത്തിലെ നിയമനത്തിൽ മിണ്ടാട്ടമില്ലെന്നും ബിജെപി വിമർശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group