Join News @ Iritty Whats App Group

'ഭരണ മാറ്റത്തിനായി വോട്ട് ചെയ്തവരെ കോൺഗ്രസ് പരിഹസിക്കുന്നു', മുഖ്യമന്ത്രി തർക്കത്തിൽ വിമർശനവുമായി സമസ്ത മുഖപത്രം

'ഭരണ മാറ്റത്തിനായി വോട്ട് ചെയ്തവരെ കോൺഗ്രസ് പരിഹസിക്കുന്നു', മുഖ്യമന്ത്രി തർക്കത്തിൽ വിമർശനവുമായി സമസ്ത മുഖപത്രം


കോഴിക്കോട് : 102 സീറ്റുകളുമായി യുഡിഎഫ് വിജയിച്ചിട്ടും കോൺഗ്രസിൽ തുടരുന്ന മുഖ്യമന്ത്രി തർക്കത്തിൽ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. കോൺഗ്രസിന് ജയിപ്പിച്ചു വിട്ടവരോട് പ്രതിപത്തിയില്ലെന്നും, പാർട്ടിക്കുള്ളിലെ തർക്കങ്ങൾ തീർക്കാൻ ശേഷിയുള്ള നേതൃത്വമില്ലെന്നും സമസ്ത മുഖപത്രം സുപ്രഭാതം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും കേന്ദ്ര നേതൃത്വത്തിന്റെ കഴിവില്ലായ്മയുമാണ്. ഭരണ മാറ്റത്തിന് വോട്ട് ചെയ്തവരെ കോൺഗ്രസ് പരിഹസിക്കുകയാണ്. നേതാക്കളെ ബോധ്യപ്പെടുത്താൻ കഴിയാത്ത നേതൃത്വമാണോ അതോ നേതൃത്വത്തിന് വഴിപ്പെടാത്ത നേതാക്കളാണോ പ്രശ്നമെന്ന് സുപ്രഭാതം ചോദിക്കുന്നു.

ചർച്ചകൾ തുടരുന്നു…

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.  എട്ടു ദിവസമായിട്ടും തീരുമാനം പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ഘടകകക്ഷികളിൽ അടക്കം പ്രതിഷേധം പുകയുകയാണ്. ചര്‍ച്ചകളുടെ ഭാഗമായി രാഹുല്‍ ഗാന്ധി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായും പ്രിയങ്ക ഗാന്ധിയുമായും സംസാരിച്ചിരുന്നു. ലീഗിന്‍റെ നിലപാടും, സംസ്ഥാനത്തെ സാഹചര്യവും പ്രിയങ്ക രാഹുലിനെ ധരിപ്പിച്ചു. അവസാനവട്ട ചര്‍ച്ചകളിലും കെസി വേണുഗോപാലിനാണ് മുന്‍തൂക്കം. അന്‍പതിലേറെ എംഎല്‍എമാരുടെ പിന്തുണ കെസിക്കുണ്ടെന്നും, വി ഡി സതീശനും, രമേശ് ചെന്നിത്തലക്കും ഒറ്റയക്കമാണെന്നുമാണ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിലുള്ളത്. ജനപ്രതിനിധികളുടെ പിന്തുണ സംഖ്യ മറികടന്ന് മറ്റ് ഘടകങ്ങള്‍ സമീപകാലത്തൊന്നും ഹൈക്കമാന്‍ഡ് പരിഗണിച്ചിട്ടില്ല. ബുധനാഴ്ചയോടെ തീരുമാനം വന്നേക്കുമെന്ന സൂചനയാണ് നിലവിലുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group